സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയായ അമൃത് 2.0 യ്ക്ക് തൊടുപുഴ നഗരസഭയില്‍ തുടക്കമായി. തൊടുപുഴ നഗരത്തില്‍ അമൃത് 2.0 നടപ്പിലാക്കുന്നതിന്റെ ഭാഗമായി പദ്ധതി വിലയിരുത്തലിനായി നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ തൊടുപുഴ കൗണ്‍സില്‍ ഹാളില്‍ യോഗം ചേര്‍ന്നു. നഗരസഭയിലെ 35 വാര്‍ഡുകളിലും കുടിവെള്ളക്ഷാമം നേരിടുന്ന എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ള കണക്ഷനുകള്‍ എത്തിക്കുമെന്ന് ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറിയിച്ചു. ഇതോടെ തൊടുപുഴ നഗരത്തിന്റെ കുടിവെള്ള പ്രശ്‌നത്തിന് സമ്പൂര്‍ണ്ണ പരിഹാരമാകുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
9.64 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിരിക്കുന്നത്. 2000 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷനുകള്‍ ലഭ്യമാക്കുന്ന പദ്ധതി നാല് പാക്കേജുകളായാണ് നടപ്പിലാക്കുക. കേരളത്തിലെ 87 നഗരസഭകളിലെയും 6 കോര്‍പറേഷനുകളിലെയും മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ അമൃത് 2.0 കുടിവെള്ള പദ്ധതി ആവിഷ്‌കരിച്ചത്.
പദ്ധതിയുടെ ഭാഗമായി കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ പുന:സ്ഥാപിക്കുന്നതും, പൊതുടാപ്പുകള്‍ സ്ഥാപ്പിക്കുന്നതും, വ്യക്തിഗത കണക്ഷനുകള്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് തൊടുപുഴ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ അജീഷ് ജോര്‍ജ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജതീഷ് കുമാര്‍ എന്നിവര്‍ മറുപടി നല്‍കി.
13-ാം വാര്‍ഡിലെ ഇടികെട്ടിപ്പാറ, 11-ാം വാര്‍ഡിലെ കാഞ്ഞിരംപാറ എന്നിവിടങ്ങളിലായി ടാങ്കുകളുടെ നിര്‍മ്മാണവും പൈപ്പിടലും ഒരേ സമയം നടപ്പിലാക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് കോണ്‍ട്രാക്ടര്‍മാര്‍ അറിയിച്ചു. കണക്ഷന്‍ ആവശ്യമുള്ള ഗുണഭോക്താക്കള്‍ ഉടമസ്ഥാവകാശ സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ബന്ധപ്പെട്ട കൗണ്‍സിലര്‍ക്ക് അപേക്ഷ നല്‍കണം.
നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ടെന്‍ഡര്‍ എടുത്തിട്ടുള്ള കോണ്‍ട്രാക്ടര്‍മാര്‍, നഗരസഭ ജീവനക്കാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.