നയന മനോഹരമായ കോട്ടപ്പുറം കായലിലെ ജലമാമാങ്കത്തിന് ഇനി നാളുകൾ മാത്രം. സി.ബി.എൽ വള്ളംകളിയോടനുബന്ധിച്ച് സംഘാടക സമിതിയുടെ എക്സിക്യൂട്ടീവ് യോഗം ചേർന്നു. വി.ആർ സുനിൽകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വള്ളംകളിയുടെ അവസാന ഘട്ട ഒരുക്കങ്ങൾ വിലയിരുത്തി.

കോട്ടപ്പുറം കായലിൽ സെപ്റ്റംബർ 23 ന് നടക്കുന്ന വള്ളംകളിയുടെ ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാർ, എം.പി, എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

വള്ളംകളിയോടനുബന്ധിച്ച് കേരള കലാമണ്ഡലത്തിന്റെയും മറ്റു കലാകാരന്മാരുടെയും കലാപരിപാടികൾ നടത്താൻ യോഗത്തിൽ തീരുമാനിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും യോഗത്തിൽ തീരുമാനിച്ചു.

സി.ബി.എൽ വള്ളംകളിയുടെ രണ്ടാം ഘട്ടമാണ് കോട്ടപ്പുറത്ത് നടക്കുന്നത്. ഒമ്പത് ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. സി.ബി.എൽ മത്സരത്തിനോടനുബന്ധിച്ച് പ്രദേശിക വള്ളംകളിയും നടത്തും. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണവും ഉണ്ടാകും. വിദേശികൾ ഉൾപ്പെടെ ആയിരക്കണക്കിന് കാണികളാണ് മത്സരം വീക്ഷിക്കുവാൻ എത്തിച്ചേരുന്നത്.

മേത്തല കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ടി.കെ ഗീത, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി.ഐ സുബൈർ കുട്ടി, തഹസിൽദാർ കെ. രേവ, കൊടുങ്ങല്ലൂർ നഗരസഭ സെക്രട്ടറി എൻ.കെ വൃജ, മുസിരിസ് ബോട്ട് ക്ലബ് പ്രതിനിധി പി.പി രഘുനാഥ്, എസ്.എച്ച്.ഒ ഇ.ആർ ബൈജു, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.