ആറന്മുളയിലെ പുരാശില്‍പ്പങ്ങള്‍ സംരക്ഷിക്കാന്‍ മ്യൂസിയം ഒരുക്കുന്നതിനുള്ള ക്രമീകരണം നടത്തുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ സൂക്ഷിച്ചിരിക്കുന്ന ആറന്‍മുള ആഞ്ഞിലിമൂട്ടില്‍ കടവ് പാലത്തിന് സമീപം കണ്ടെത്തിയ പുരാശില്‍പ്പങ്ങളുടെ ശേഖരങ്ങള്‍ കണ്ടതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയജലമൊഴുകി വന്നതിനു ശേഷം സംസ്ഥാനത്ത് ലഭ്യമായ വിശിഷ്ടമായ സൃഷ്ടികളാണ് ആറന്മുളയില്‍ നിന്നും ലഭിച്ചത്. ഒരു കാലഘട്ടത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രദേശത്തിന്റെയും മുഖമുദ്ര കൂടിയാണ് ഈ ശില്‍പ്പങ്ങള്‍. വലിയ വെള്ളപ്പൊക്കത്തെ പോലും അതിജീവിച്ച ഈ ശില്‍പ്പങ്ങളുടെ നിര്‍മാണ രീതി ശാസ്ത്രീയ പഠനങ്ങള്‍ക്ക് വിധേയമാക്കണം. നിലവില്‍ പുരാവസ്തു വകുപ്പിന്റെ ഒരു സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇവരുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തില്‍ തുടര്‍നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു. ശില്‍പ്പങ്ങള്‍ കണ്ടെത്തിയ പ്രദേശം പൊതു സ്ഥലമായതിനാല്‍ വ്യക്തികള്‍ വന്ന് ഇവ ഖനനം ചെയ്യുന്നത് ഒഴിവാക്കുന്നതിനായി ആഭ്യന്തര വകുപ്പിനോട് സ്ഥലം സീല്‍ ചെയ്ത് സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ക്കായി മന്ത്രി നിര്‍ദ്ദേശം നല്‍കി. പുതുതലമുറയുടെ അമൂല്യ സൂക്ഷിപ്പുകളായി ഇവയെ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
കണ്ടെത്തിയ ശില്‍പ്പങ്ങളെ സംരക്ഷിക്കുന്നതിനായി താല്‍ക്കാലിക മ്യൂസിയം സജ്മാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ആറന്മുള എംഎല്‍എ വീണാ ജോര്‍ജ് പറഞ്ഞു. പൈതൃക ഗ്രാമമായ ആറന്മുളയില്‍ തന്നെ ശില്‍പ്പങ്ങള്‍ സൂക്ഷിക്കണം.  പുരാവസ്തു വകുപ്പിനൊപ്പം പ്രാദേശവാസികളുടെ കൂടെ സഹായത്തോടെ ഖനനം നടത്തണമന്നും എംഎല്‍എ പറഞ്ഞു. ആഞ്ഞിലിമൂട്ടില്‍ ശില്പങ്ങളുടെ ഭാഗങ്ങള്‍ സംസ്ഥാന പുരാവസ്തു വകുപ് ശേഖരിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ക്ക്  ബെംഗളൂരുവിലുള്ള പഠന കേന്ദ്രത്തിലേക്ക് അയച്ചിരിക്കുകയാണ്. ഒരു ആഴ്ചയ്ക്ക് ശേഷമേ കലാപഴക്കത്തിന്റെ വിശദ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു.ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അയിഷ പുരുഷോത്തമന്‍, വാസ്തുവിദ്യാഗുരുകുലം വൈസ്‌ചെയര്‍മാന്‍ ആര്‍.അജയകുമാര്‍, പുരാവസ്തുവകുപ്പ് ക്യുറേറ്റര്‍ രാജേഷ് കുമാര്‍, ബാബുജോണ്‍, രാജേഷ്,  വിവിധ തദ്ദേശഭരണ ഭാരവാഹികള്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.