ജില്ലയിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രീ -നീറ്റ്, കീം സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തും. എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ ടെസ്റ്റ് നടത്തുകയും അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ക്രാഷ് കോഴ്‌സുകള്‍ നല്‍കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.

നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പഞ്ചായത്ത് ഘടകസ്ഥാപനമായ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ട്രെയിനിങ് ഇന്‍സ്റ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുക. നിലവില്‍ ഐ.ടി.ടി ഐയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷനും എന്‍ട്രന്‍സ് കോച്ചിംഗ്, സി.എ ഫൗണ്ടേഷന്‍ കോഴ്‌സും നടക്കുന്നുണ്ട്. പി.എസ് .സി കോച്ചിംഗ്, എ. ഐ പോലുള്ള പുതിയ നൂതന സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന കോഴ്‌സുകളും ആരംഭിക്കും.

വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ”ജികെ ഇനി ശീലമാക്കാം’ എന്ന പുതിയ പദ്ധതി ആരംഭിക്കുകയും ചെയ്തു. സ്ഥാപനത്തില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ് ബിന്ദു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഉഷാതമ്പി, സീതാവിജയന്‍, ജുനൈദ് കൈപ്പാണി, മെമ്പര്‍മാരായ മീനാക്ഷി രാമന്‍, ബീന ജോസ്, അമല്‍ ജോയ്, ബിന്ദു പ്രകാശ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപന്‍, ഹയര്‍സെക്കന്‍ഡറി ജില്ലാ കോഡിനേറ്റര്‍ ഷിവി കൃഷ്ണന്‍, വിദ്യാഭ്യാസ വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് ശ്രീജിത്ത്, ഐ.ടി.ടി.ഐ അഡ്മിനിസ്‌ട്രേര്‍ അജിത്ത് കെ. ജെ തുടങ്ങിയവര്‍ സംസാരിച്ചു.