നവകേരള സൃഷ്ടിക്ക് വേണ്ടത് പ്രതിപക്ഷ സഹകരണത്തോടെയുള്ള പ്രവര്‍ത്തനമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ . മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിന്റെ പ്രളയാനന്തര പുനര്‍നിര്‍മ്മാണം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രളയത്തില്‍ നഷ്ടപ്പെട്ടതിനെ വീണ്ടും നിര്‍മ്മിക്കുകയല്ല പുതിയ കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിനായി വിവിധരംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തി സംവിധാനം ഉണ്ടാക്കും. പ്രാദേശിക, ജില്ല, സംസ്ഥാനതലങ്ങളില്‍ പ്രത്യേകം പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഭരണപക്ഷം മാത്രമാണ് ഭരണകൂടം എന്ന ബോധം മാറി പ്രതിപക്ഷത്തിനു കൂടി ഇടപെടാനുള്ള അവസരം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നദികളും തോടുകളും ശുദ്ധീകരിക്കാനും വീണ്ടെടുക്കാനുമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ മുന്നേ നടപ്പാക്കിയിരുന്നു. അവ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യ മന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ട് ഞായര്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ വിവിധ മലയാളം ചാനലുകളില്‍ സംപ്രേഷണം ചെയ്യും.