പാലക്കാട്: ആലത്തൂര്‍ താലൂക്ക് കേന്ദ്രീകരിച്ച് നടത്തിയ അദാലത്തില്‍ 51 സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. എരിമയൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 17 പേര്‍ക്ക് ഇ-ആധാറും 15 എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകളും അഞ്ച് ആര്‍.സി ബുക്കുകളും നാല് ഡ്രൈവിങ് ലൈസന്‍സുകളും വിതരണം ചെയ്തു. കൂടാതെ രണ്ട് ജനന സര്‍ട്ടിഫിക്കറ്റുകളും ഒരു വിവാഹ സര്‍ട്ടിഫിക്കറ്റും ആറ് തിരിച്ചറിയല്‍ കാര്‍ഡുകളും ഒന്ന് റേഷന്‍ കാര്‍ഡും ആറ് രജിസ്ട്രേഷന്‍ സംബന്ധിച്ച രേഖകളും കൈമാറി. രണ്ട് ചിയാക്ക് ആരോഗ്യ ഇന്‍ഷൂറന്‍സും 27 പേര്‍ക്ക് ഡിജി ലോക്കര്‍ സംവിധാനം ഉപയോഗപ്പെടുത്തുകയും ചെയ്തു. പ്രളയത്തില്‍ രേഖകള്‍ നഷ്ടമായവരുടെ വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നതിനാണ് ഡിജി ലോക്കര്‍ സംവിധാനം ആരംഭിച്ചത്. ഡിജി ലോക്കറില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ അപേക്ഷകന്റെ ഫോണില്‍ തന്റെ അക്കൗണ്ടിന്റെ യൂസര്‍ നെയിമും പാസ് വേഡും അടങ്ങിയ മെസേജ് ലഭിക്കും. അദാലത്തില്‍ നിന്ന് ലഭിക്കുന്ന രേഖകള്‍ പിന്നീട് നഷ്ടപ്പെട്ടാലും അപേക്ഷകന് ഡിജി ലോക്കര്‍ അക്കൗണ്ട് ഉപയോഗിച്ച് വീണ്ടും ഈ രേഖകള്‍ ലഭ്യമാകും.