കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “തിരികെ സ്കൂളിൽ” ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കളമശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പയിനിൽ 559 അയൽക്കൂട്ട അംഗങ്ങൾ പഠിതാക്കളായി എത്തി.
കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിഡബ്ല്യുഡി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി പീറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ കോഓഡിനേറ്റർ ടി.എം റജീന, അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓഡിനേറ്റർ കെ.ആർ രജിത, കളമശ്ശേരി വെസ്റ്റ് സി.ഡി.എസ് ചെയർപേഴ്സൺ ഫാത്തിമ മുഹമ്മദ് എന്നിവർ പങ്കെടുത്തു.
കുടുംബശ്രീയുടെ സംഘടനാ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുക, പുതിയകാല സാധ്യതകള്‍ക്കനുസൃതമായി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ അയല്‍ക്കൂട്ടങ്ങളെ പ്രാപ്തമാക്കുക, വരുംകാല പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കുടുംബശ്രീ ക്യാമ്പയിൻ നടപ്പിലാക്കുന്നത്.
രാവിലെ 9.30 ന് ആരംഭിച്ച് വൈകുന്നേരം 4.30 ന് അവസാനിക്കുന്ന പഠന പ്രക്രിയയാണ് ക്യാമ്പയിനിന്റെ ഭാഗമായി വിഭാവനം ചെയ്തിട്ടുള്ളത്. പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സൺമാരാണ് ക്ലാസുകൾ നയിക്കുന്നത്. ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 30 വരെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.