കുടുംബശ്രീ ലോകത്തിന് തന്നെ മാതൃകയായ കൂട്ടായ്മ ആണന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കുടുംബശ്രീ നേതൃത്വത്തിലുള്ള അയൽകൂട്ട ശാക്തീകരണക്യാമ്പയിൻ ‘തിരികെ സ്‌കൂളിൽ’ ജില്ലാതല ഉദ്ഘാടനം തേവള്ളി സർക്കാർ മോഡൽ ബോയ്സ് വി എച്ച് എസ് എസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ സമൂഹത്തിലുണ്ടാക്കിയ മുന്നേറ്റം സമാനതകൾ ഇല്ലാത്തതാണ്. കേരളത്തിന് മാത്രം സാധിക്കുന്ന നേട്ടമാണിത്.

ലോക ചരിത്രത്തിലെ തന്നെ മഹത്തായ സംഭവമാണ് തിരികെ സ്‌കൂളിൽ ക്യാമ്പയിൻ. 45 ലക്ഷത്തിലധികം സ്ത്രീകൾ വീണ്ടും സ്കൂളുകളിലേക്ക് എത്തുന്നു. പുതിയ സാങ്കേതികവിദ്യവരെ നീളുന്ന അറിവുകൾ നേടിയെടുക്കുന്നു. ക്യാമ്പയിൻവഴി സമൂഹത്തിനും വിദ്യാലയങ്ങൾക്കും ഒരുപോലെ ഉണർവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. എം മുകേഷ് എം എൽ എ ക്ലാസുകളിലെ പഠിതാക്കളുമായി സംവദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ ശുചിത്വ പ്രതിജ്ഞ ചൊല്ലി നൽകി.

ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 10 വരെയുള്ള അവധി ദിനങ്ങളിൽ നടക്കുന്ന ക്ലാസുകളിൽ ജില്ലയിൽ ആകെ 361207 അയൽകൂട്ട അംഗങ്ങളാണ് പങ്കെടുക്കുന്നത്. ആദ്യ ദിവസമായ ഇന്നലെ  40227 പേർ പങ്കെടുത്തു. ഓരോ സി ഡി എസിനും കീഴിലുള്ള സ്കൂളുകളിലാണ് ക്ലാസുകൾ നടക്കുന്നത്. രാവിലെ 9.30 മുതല്‍ 4.30 വരെയാണ് ക്ളാസ് സമയം. 9.30 മുതല്‍ 9.45 വരെ അസംബ്ളിയാണ്. ഇതില്‍ കുടുംബശ്രീയുടെ മുദ്രഗീതം ആലപിക്കും. അതിനു ശേഷം ക്ളാസുകള്‍ ആരംഭിക്കും.