സമൂഹത്തിൽ മുതിർന്ന പൗരന്മാരുടെ അവകാശങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക, അവരുടെ സംഭാവനകളെ അംഗീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ വയോജനദിനാഘോഷം സംഘടിപ്പിച്ചു.
ജില്ലാപഞ്ചായത്ത് പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ രാധാമണി പിളള ഉദ്ഘാടനം ചെയ്തു.

മെയിന്റനൻസ് ട്രൈബ്യൂണൽ ഫോർട്ടുകൊച്ചി & മുവാറ്റുപുഴ, എറണാകുളം കേരള സാമൂഹ്യ സുരക്ഷാ മിഷൻ, ജില്ലാതല വയോജന കമ്മിറ്റി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. “ഫുൾ ഫില്ലിങ് ദി പ്രോമിസസ് ഓഫ് ദി യൂണിവേഴ്സൽ ഡിക്ലറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓഫ് ഓൾഡർ പേഴ്സൺസ്” എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര വയോജന ദിനത്തിന്റെ പ്രമേയമായി മുന്നോട്ട് വച്ചിരിക്കുന്നത്.

ചടങ്ങിൽ എറണാകുളം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഡോണോ മാഷ് അദ്ധ്യക്ഷത വഹിച്ചു . വാർദ്ധക്യവും ആരോഗ്യപ്രശ്നവും എന്ന വിഷയത്തിൽ ഡോ. പ്രവീൺ ജി. പൈ ക്ലാസ് നയിച്ചു. ശ്രീലങ്കയിൽ നടന്ന ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ മുതിർന്ന പൗരൻ ടി.എൻ. മണിയെ ചടങ്ങിൽ ആദരിച്ചു.

ജില്ലാ സാമൂഹ്യനീതി ഓഫീസർ എം വി സ്മിത, കേരള സാമൂഹ്യ മിഷൻ ജില്ലാ കോ ഓഡിനേറ്റർ എബി എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.