ഡിജിറ്റല്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷാവസാനത്തോടെ എല്ലാ ആദിവാസി ഊരുകളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ടൗണ്‍ഹാളില്‍ പട്ടികജാതി പട്ടിക വര്‍ഗ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാമൂഹ്യഐക്യദാര്‍ഢ്യ പക്ഷാചരണം 2023 ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കണക്ടിവിറ്റി ഇല്ലാതിരുന്ന 1284 ഊരുകളില്‍ 1083 ലും ഇന്റര്‍നെറ്റ് സൗകര്യം എത്തിച്ചു. ഇടമലക്കുടിയില്‍ മാത്രം കണക്ടിവിറ്റി ഉറപ്പുവരുത്തുന്നതിന് 4 കോടി 31 ലക്ഷം രൂപയാണ് ചെലവഴിച്ചത്. വിദ്യാഭ്യാസം, തൊഴില്‍, ശാക്തീകരണം എന്നീ മൂന്ന് അടിസ്ഥാനശിലകളില്‍ ഊന്നി നിന്നുകൊണ്ട് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങളുടെ സമഗ്രമായ ക്ഷേമവും വികസനവും ലക്ഷ്യമിടുന്ന വിവിധ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്.

സംസ്ഥാനത്തെ എല്ലാ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ആവശ്യമായ അടിസ്ഥാന രേഖകള്‍ ലഭ്യമാക്കുന്നതിനും ആ രേഖകള്‍ സുരക്ഷിതമായി ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്നതിനുമായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് എ ബി സി ഡി. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്. വയനാട്, പാലക്കാട് ജില്ലകളില്‍ പൂര്‍ത്തീകരിച്ച പദ്ധതി മറ്റെല്ലാ ജില്ലകളിലും പൂര്‍ത്തീകരണത്തോടടുക്കുകയാണ്.

പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പദ്ധതികളെല്ലാം ഉന്നതി എന്ന ഒറ്റ കുടക്കീഴിലാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. നൈപുണ്യ വികസനം ഉറപ്പുവരുത്തിയും തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കളെ ഒരേസമയം തൊഴില്‍ സംരംഭകരും തൊഴില്‍ ദാതാക്കളുമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച കേരള എംപവര്‍മെന്റ് സൊസൈറ്റി രാജ്യത്തിനാകെ മാതൃകയാണ്.

അഭ്യസ്തവിദ്യരായവര്‍ക്ക് തൊഴില്‍ പരിശീലനം, നൈപുണ്യ വികസനം, പ്രവൃത്തി പരിചയം എന്നിവ ലഭ്യമാക്കുന്നതിനായി വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള ട്രെയിനിംഗ് ഫോര്‍ കരിയര്‍ എക്‌സലന്‍സ് പദ്ധതിയും നടപ്പാക്കുന്നു. ഈ രണ്ടു പദ്ധതികളും കേരളത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ഉപകരിച്ചു. പി എസ് സി വഴി പ്രത്യേക റിക്രൂട്ട്‌മെന്റിലൂടെ 500 പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒരുമിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമനം നല്‍കിയിരുന്നു. ഇതേ മാതൃകയില്‍ എക്‌സൈസ് ഗാര്‍ഡുമാരായി 100 പട്ടിക വര്‍ഗ വിഭാഗക്കാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ലോകത്തിന്റെ ഏതു കോണിലുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളും അവസരങ്ങളും കേരളത്തിലെ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് പ്രാപ്യമാക്കാനായി വിദേശ വിദ്യാഭ്യാസ പദ്ധതിയും നടപ്പാക്കുന്നു. ഇതിലൂടെ ഇതുവരെ 422 വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ പഠനത്തിന് അവസരം ലഭിച്ചു. പത്തു ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെയാണ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പായി നല്‍കുന്നത്.

പട്ടികവര്‍ഗ വിദ്യാര്‍ഥികളെ സിവില്‍ സര്‍വീസിലേക്ക് എത്തിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയും നടപ്പാക്കുന്നു. രാജ്യത്തിനകത്തുള്ള ഏത് പരിശീലന കേന്ദ്രത്തിലും പരിശീലനം നടത്തുന്നതിനുള്ള സ്‌കോളര്‍ഷിപ്പും സര്‍ക്കാര്‍ നല്‍കുന്നു. ഐഐഎം, ഐഐടി, എന്‍ഐഎഫ്ടി ഉള്‍പ്പടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവിധ കോഴ്‌സുകളിലും കല്‍പ്പിത സര്‍വകലാശാലകളിലും വൊക്കേഷണല്‍ ട്രെയിനിംഗ് സ്ഥാപനങ്ങളിലും മെറിറ്റ് റിസര്‍വേഷന്‍ അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്നവര്‍ക്ക് കൂടി സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന വിധത്തില്‍ സ്‌കോളര്‍ഷിപ്പ് മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിച്ചിരിക്കുകയാണ്.

സംസ്ഥാനത്തിനു പുറത്തുള്ള പഠനത്തിനും സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാകുന്നുണ്ട്. ഇതിന്റെ ഫലമായി കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച സ്ഥാപനങ്ങളില്‍ ഉപരി പഠനത്തിന് അവസരം ലഭിക്കുന്നു. രണ്ടരലക്ഷത്തിലേറെ വരുമാനമുള്ള കുടുംബങ്ങളിലെ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് നിഷേധിച്ചു. തുടര്‍ന്ന് സംസ്ഥാന ബജറ്റില്‍ അധിക തുക വകയിരുത്തി വരുമാനഭേദമില്ലാതെ എല്ലാ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന സ്‌കോളര്‍ഷിപ്പും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. അവര്‍ക്കായുള്ള തുകയും ബജറ്റില്‍ വകയിരുത്തി സ്‌കോളര്‍ഷിപ്പ് പുനസ്ഥാപിക്കാനാണ് കേരളത്തില്‍ നടപടി സ്വീകരിച്ചത്. ഇതിന് അപേക്ഷിക്കാനുള്ള പോര്‍ട്ടലാണ് ഇവിടെ ആരംഭിക്കുന്നത്. പഠനമുറി പദ്ധതിയും രാജ്യത്തിനാകെ മാതൃകയാണ്. എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള പദ്ധതി വിപുലീകരിച്ച് അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളെയും കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി.

എല്ലാ മനുഷ്യരെയും ചേര്‍ത്തുപിടിച്ചുകൊണ്ട് പാര്‍ശ്വവത്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുക എന്നതാണ് സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ പ്രധാന ലക്ഷ്യം. ഉയരാം ഒത്തുചേര്‍ന്ന് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈ വര്‍ഷത്തെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ഒക്ടോബര്‍ 2 മുതല്‍ 16 വരെ സംസ്ഥാനത്താകെ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പിന്നാക്ക വിഭാഗ വിദ്യാര്‍ഥികളുടെ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയതിനു പകരമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സ്‌കോളര്‍ഷിപ്പ് പദ്ധതി കെടാവിളക്കിന്റെ പോര്‍ട്ടല്‍ ഓപ്പണിംഗ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. നിയമ ബിരുദധാരികളായ പട്ടികവിഭാഗക്കാരെ എ.ജി. ഓഫീസിലും ഗവ. പ്ലീഡര്‍മാരുടെ ഓഫീസുകളിലും പ്രവൃത്തി പരിചയത്തിന് ഓണറേറിയത്തോടു കൂടു നിയമിക്കുന്ന ജസ്റ്റിസ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ അസിസ്റ്റന്‍സ് (JWALA) പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

മാലിന്യ മുക്ത നവകേരള പ്രതിജ്ഞയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മന്ത്രി കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി. രാജീവ്, എം.ബി. രാജേഷ്, ഹൈബി ഈഡന്‍ എം.പി., എംഎല്‍എമാരായ പി.വി. ശ്രീനിജിന്‍, കെ.എന്‍. ഉണ്ണികൃഷ്ണന്‍, ടി.ജെ. വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഡെപ്യൂട്ടി മേയര്‍ കെ.എ. ആന്‍സിയ, വാര്‍ഡ് കൗണ്‍സിലര്‍മാരായ പി.ആര്‍. റെനീഷ്, സുധ ദിലീപ് കുമാര്‍, സുനിത ഡിക്‌സണ്‍, വി.വി. പ്രവീണ്‍, സംസ്ഥാനതല പട്ടികജാതി ഉപദേശക സമിതി അംഗം സി. രാജേന്ദ്രന്‍, പട്ടികവര്‍ഗ ഉപദേശക സമിതി അംഗം ആര്‍. ദാമോദരന്‍, പട്ടികജാതി വികസന ഓഫീസര്‍ കെ. സന്ധ്യ, പട്ടിക വര്‍ഗ വികസന ഓഫീസര്‍ അനില്‍ ഭാസ്‌കര്‍, പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ അഡ്വ. ഉദയന്‍ പൈനാക്കി, പട്ടികജാതി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.