ജനവാസ മേഖലയിൽ വളർത്തുമൃഗങ്ങൾക്കുനേരെയുണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ ചെറുക്കുന്നതിനു വേണ്ട സംവിധാനങ്ങൾ ഒരുക്കുമെന്ന് മൃഗസംരക്ഷണം, ക്ഷീരവികസം, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഒക്ടോബർ രണ്ട് മുതൽ എട്ടുവരെ നടക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 വന്യജീവികളെ കൂടുതൽ പഠിക്കത്തക്ക രീതിയിലുള്ള സംവിധാനങ്ങളാണ് തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഒരുങ്ങുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സന്ദർശിക്കാനും മൃഗങ്ങളെക്കുറിച്ച് പഠിക്കാനും ഇവിടെ അവസരമുണ്ടാകും. കൂടാതെ തിരുവനന്തപുരം മൃഗശാലയിലേക്ക്  വിദേശരാജ്യങ്ങളിൽ നിന്ന് കൂടുതൽ മൃഗങ്ങളെ എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മൃഗങ്ങളിൽ നിന്ന് പകരുന്ന രോഗങ്ങളെ ചെറുക്കുക എന്നത് വളരെ പ്രാധ്യന്യമുള്ള ഒന്നാണ്.  അതുകൊണ്ടുതന്നെ അസുഖം ബാധിച്ച് മരിക്കുന്ന മൃഗങ്ങളുടെ സാമ്പിളുകൾ കൃത്യമായി പരിശോധിച്ച് രോഗം തടയുന്നന് വേണ്ട നടപടികൾ സ്വീകരിക്കണം. വനമേഖലയിൽ മൃഗങ്ങൾ മരണപ്പെടുമ്പോൾ ഈ സംഭവങ്ങൾ അടിയന്തരമായി മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണം. ഈ ആവശ്യം വനംവകുപ്പ് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

തിരുവനന്തപുരം മൃഗശാലയിലെ ജോർജ് എന്ന കടുവയെക്കുറിച്ച് പുസ്തകമെഴുതിയ  വിദേശ വനിത ക്ലെയർ ലേ മിഷേലിനെ മന്ത്രി ചടങ്ങിൽ അനുമോദിച്ചു. ലോക ആനദിന പോസ്റ്റർ രചനാ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാന വിതരണവും  മന്ത്രി ജെ ചിഞ്ചു റാണി നിർവഹിച്ചു.

അഡ്വ. വി. കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ എസ് അബു, ഡബ്ല്യു.ഡബ്ല്യു.എഫ്. സ്റ്റേറ്റ് ഡയറക്ടർ രഞ്ജൻ മാത്യു, വെറ്ററിനറി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജേക്കബ് അലക്‌സാണ്ടർ, ആർട്ട് മ്യൂസിയം ആൻഡ് ആർട്ട് ഗാലറി സൂപ്രണ്ട് പി എസ്  മഞ്ജുളാദേവി, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം സൂപ്രണ്ട് പി വി വിജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.