വിദ്യാലങ്ങള്‍ കായിക പരിശീലനം വിപുലമാക്കും

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കായിക പരിശീലകരെ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍ പറഞ്ഞു. പതിമൂന്നാമത് വയനാട് റവന്യു ജില്ലാ സ്‌കൂള്‍ കായിക മേള മുണ്ടേരി ജില്ലാ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് മൈക്രോ ലെവല്‍ കായിക പ്രവര്‍ത്തനങ്ങള്‍ക്ക് തുക നീക്കിവെക്കും. ഓരോ പഞ്ചായത്തുകളെയും പ്രത്യേകം തെരഞ്ഞെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കായിക പരിശീലനം നല്‍കുന്നതിന് ചുരുങ്ങിയത് ആറ് പരിശീലകരെ നിയമിക്കും. പരിശീലനം ലഭ്യമാകാത്ത പഞ്ചായത്തുകളില്‍ കായിക വകുപ്പ് നേരിട്ട് പരിശീലകരെ നിയമിക്കും. ജില്ലയില്‍ നിന്ന് കരുത്തുറ്റ കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ ഇതോടെ കഴിയും. ഓരോ വിദ്യാലങ്ങള്‍ കേന്ദ്രീകരിച്ചും കായിക പരിശീലനം ഊര്‍ജ്ജിതമാക്കും.

കേരളത്തിലെ കായിക രംഗത്ത് വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടിരുന്ന സിന്തറ്റിക് ട്രാക്കില്‍ റവന്യൂ ജില്ലാ കായികമേള നടക്കുന്നു. പുതിയ പദ്ധതികള്‍ കായിക മേഖലയുടെ വളര്‍ച്ചക്കായി നടപ്പിലാക്കും. പുതിയ കായിക നയം ഇതിന് വഴിത്തിരിവാകും.

500 കോടിയോളം രൂപയുടെ കായിക അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. ഓരോ ജില്ലയിലും സിന്തറ്റിക് ട്രാക്കുകള്‍ അടക്കുമുള്ള സംവിധാനങ്ങള്‍ കൊണ്ടുവരാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി പറഞ്ഞു. ടി.സിദ്ദിഖ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ്, ഡി. ഇ.ഒ കെ.എസ് ശരത്ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.