രാജ്യത്തെ ആദ്യ ട്രൈബൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചും കരിയർ ഡെവലപ്പ്മെൻറ് സെൻററും പാലോട് പ്രവർത്തനം ആരംഭിച്ചു. തൊഴിലും എക്സൈസും വകുപ്പു മന്ത്രി മന്ത്രി ടി.പി രാമകൃഷ്ണനാണ് ഉദ്ഘാടനം നിർവഹിച്ചത്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഏറെ നേട്ടങ്ങൾ കൈവരിക്കുന്നതിന് ട്രൈബൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് സഹായകമാവുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കൂടുതൽ പ്രദേശങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

2018-19 സാമ്പത്തിക വർഷത്തിൽ എംപ്ലോയബിലിറ്റി സെൻറർ പദ്ധതിക്കായി വകയിരുത്തിയിട്ടുള്ള ഫണ്ട് വിനിയോഗിച്ചാണ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് നിർമിക്കുന്നത്. പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് സൗജന്യമായി നൽകിയ 10 സെൻറ് സ്ഥലത്തുള്ള സെൻററിൻറെ നിർമാണം പൂർത്തിയാകുന്നതുവരെ പഞ്ചായത്ത് വാടകയ്ക്കെടുത്ത കെട്ടിടത്തിലാകും എക്സ്ചേഞ്ച് പ്രവർത്തിക്കുക. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ പാലോടുള്ള ട്രൈബൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ എംപ്ലോയ്മെൻറ് ഓഫീസാകും.

ആദിവാസികൾ കൂടുതലുള്ള മേഖലയായതിനാലാണ് ട്രൈബൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് എന്ന പേരു നൽകിയിരിക്കുന്നത്. നെടുമങ്ങാട് എക്സ്ചേഞ്ചിന് കീഴിലെ വിതുര, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളും  കിളിമാനൂർ എക്സ്ചേഞ്ചിന് കീഴിലെ പാലോട് പഞ്ചായത്തും ഉൾപ്പെട്ടതാകും ട്രൈബൽ എക്സ്ചേഞ്ചിൻറെ പ്രവർത്തന മേഖല. ചടങ്ങിൽ ഡി.കെ മുരളി എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ മധു, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ചിത്രകുമാരി, വൈസ് പ്രസിഡൻറ് ടി.കെ കുഞ്ഞുമോൻ, പഞ്ചായത്ത് അംഗങ്ങൾ, എംപ്ലോയ്മെൻറ് ഡയറക്ടർ എം.എ ജോർജ് ഫ്രാൻസിസ് തുടങ്ങിയവരും പങ്കെടുത്തു.