ചേർത്തല താലൂക്ക് ആശുപത്രി പ്രധാന ഫെയ്‌സ് ലിഫ്റ്റിലേക്ക് കടക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ‘ആർദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി ചേർത്തല താലൂക്ക് ആശുപത്രിയിലെ പ്രവർത്തനങ്ങളും വികസനവും വിലയിരുത്തുന്നതിനായി സന്ദർശനം നടത്തുകയായിരുന്നു മന്ത്രി. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

മനോഹരവും വിശാലവുമായ ആശുപത്രി സമുച്ചയത്തിനായി പുതിയൊരു ബ്ലോക്കാണ് ഇവിടെ നിർമ്മിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കെട്ടിടം നിർമാണത്തിന്റെ ഭാഗമായി ഒട്ടേറെ പ്രതിസന്ധികൾ ഉണ്ടായി. ഇവയെല്ലാം നീക്കിയാണ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനം മുന്നോട്ടു പോകുന്നത്. സ്ഥലം എംഎൽഎ കൂടിയായ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദും എ.എം.ആരിഫ് എം.പിയും ചേർത്തല നഗരസഭയുമെല്ലാം കൃത്യമായി ഇതിനായി ഇടപെട്ടു പ്രവർത്തിക്കുന്നുണ്ട്. 2024 ജൂലൈ മാസത്തിനുള്ളിൽ തന്നെ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.

കിഫ്ബിയുടെ കീഴിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവർത്തികൾ മന്ത്രി വിലയിരുത്തി. നിലവിലുള്ള ആശുപത്രി വാർഡുകളും സന്ദർശിച്ചു. ആശുപത്രിയുടെ പൊതുവായുള്ള പ്രവർത്തനങ്ങളും വിലയിരുത്തി. എ.എം. ആരിഫ് എം.പി., നഗരസഭ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ, വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ മാധുരി സാബു, ശോഭ ജോഷി, എ.എസ്. സാബു, ഡി.എച്ച്.എസ്. ഡോ.കെ.ജെ. റീന, ഡി.എം.ഒ. ഡോ.ജമുന വർഗീസ്, ഡി.പി.എം. ഡോ.ദേവ് കിരൺ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സുജ അലോഷ്യസ്, ആർ.എം.ഒ. അജ്മൽ, നഗരസഭ അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ, കിഫ്ബി ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും സന്ദർശനത്തിൽ ഉണ്ടായിരുന്നു.