വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍. കലക്ട്രേറ്റ് കോണ്‍ഫറസ് ഹാളില്‍ നടന്ന ജില്ലാതല അദാലത്തിലെ പരാതികള്‍ പരിഗണിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം, പാലക്കാട്, കൊല്ലം ജില്ലകളില്‍ നടന്ന യുവജന കമ്മീഷന്റെ അദാലത്തുകളിലെ പൊതുപരാതി വിദേശ തൊഴില്‍ തട്ടിപ്പുകളെ കുറിച്ചാണെന്ന് കമ്മീഷന്‍ വിലയിരുത്തി. സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെയും യുവജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലകള്‍ കേന്ദ്രീകരിച്ച് യുവജന-വിദ്യാര്‍ഥി സംഘടനകളുടെ സഹകരണത്തോടെ കമ്മീഷന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു.
യുവജനങ്ങളുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നതിനായി സമഗ്ര പരിപാടികളാണ് സംഘടിപ്പിക്കുന്നത്. നിസ്സാര കാര്യങ്ങളില്‍ യുവജനങ്ങള്‍ ആത്മഹത്യ ചെയ്യുന്ന പ്രവണത ഇല്ലാതാക്കണമെന്നും യുവജനങ്ങളുടെ പ്രശ്നങ്ങളില്‍ യുവജന കമ്മീഷന്‍ കൃത്യതയോടെ ഇടപെടുമെന്നും കമ്മീഷന്‍ പറഞ്ഞു. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ യുവജന ആത്മഹത്യകളെക്കുറിച്ച് പഠിക്കാന്‍ 150 എം എസ് ഡബ്ലിയു വിദ്യാര്‍ഥികളെ തിരഞ്ഞെടുത്തു. ഇതോടൊപ്പം തൊഴില്‍ സ്ഥിരതയില്ലാത്ത തൊഴിലുകളെ കുറിച്ചും പഠനവിധേയമാക്കും തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്കും സര്‍ക്കാരിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും യുവജന കമ്മീഷന്റെ ഭാവി പരിപാടികള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു.
അദാലത്തില്‍ 17 പരാതികള്‍ പരിഗണിക്കുകയും ഏഴ് പരാതികള്‍ തീര്‍പ്പാക്കുകയും ചെയ്തു. അടുത്ത സിറ്റിങ്ങിലേക്ക് 10 പരാതികള്‍ മാറ്റി. പുതിയതായി ആറ് പരാതികള്‍ ലഭിച്ചു. കമ്മീഷന്‍ അംഗങ്ങളായ വി. വിനില്‍, പി. എ. സമദ്, കമ്മീഷന്‍ സെക്രട്ടറി ഡാര്‍ലി ജോസഫ്, ലീഗല്‍ അഡൈ്വസര്‍ വിനിത വിന്‍സെന്റ്, അസിസ്റ്റന്റ് പി അഭിഷേക് എന്നിവര്‍പങ്കെടുത്തു.