തടവറയും മോചനവും മനസ്സിലാണ്;
വായനയാണ് ഏറ്റവും വലിയ സ്വാതന്ത്ര്യം: എസ്.രമേശന്‍
കാക്കനാട്: സ്വതന്ത്രനായിരിയ്ക്കുന്നയാള്‍ മനസ്സിന്റെ തടവറയിലാണെങ്കില്‍ തടവുകാരനും തടവുകാരന്‍ മനസ്സാലെ സ്വതന്ത്രനാണെങ്കില്‍ അയാള്‍ സ്വതന്ത്രനും തുല്യമാണെന്ന് കവി.എസ്.രമേശന്‍. ഗാന്ധിജയന്തി വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ലൈബ്രറി കൗണ്‍സിലും ജയില്‍ വകുപ്പും സംയുക്തമായി എറണാകുളം ജില്ലാ ജയിലില്‍ സംഘടിപ്പിച്ച സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലും വിദേശത്തുമായി നിരവധി തവണ ജയില്‍വാസം അനുഭവിയ്‌ക്കേണ്ടിവന്ന മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികാഘോഷത്തിന് ജില്ലാ ജയിലും വേദിയായതുവഴി ചടങ്ങ് അര്‍ത്ഥപൂര്‍ണ്ണമായതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
തടവറയും മോചനവും ഓരോരുത്തരുടെയും മനസ്സിലാണ്. മനസ്സാലെ സ്വാതന്ത്ര്യമനുഭവിയ്ക്കുന്നവന് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനാണ്. ചുറ്റുപാടുകളെ വിസ്മൃതിയിലാക്കി വിശാലമായ ലോകത്തേയ്ക്ക് ഓരോരുത്തരെയും കൂട്ടിക്കൊണ്ടുപോകാന്‍ വായനയ്ക്ക് സാധിയ്ക്കും. അക്ഷരങ്ങള്‍ ഓരോരുത്തരെയും പുതിയ ലോകത്തെത്തിയ്ക്കും. ജയിലും തടവും മറന്ന് കഥാപാത്രങ്ങള്‍ക്കുചുറ്റുമോ സംഭവങ്ങള്‍ക്കൊപ്പമോ മനസ്സ് ചുറ്റിത്തിരിയും. കഥാപശ്ചാത്തലത്തിലെ സംഘര്‍ഷഭരിതമായ ജീവിതാനുഭവങ്ങളിലൂടെ മണിക്കൂറുകളോളം മനസ്സ് ചുറ്റിത്തിരിയും. നമ്മുടെ ശരിതെറ്റുകളിലേയ്ക്ക് സ്വയം വിരല്‍ ചൂണ്ടാന്‍ ഇത് അവസരമൊരുക്കും. ഗാന്ധിജിയുടെ ജീവിതം മാറ്റിമറിച്ചതില്‍ വായന വലിയ പങ്കുവഹിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏറ്റവും വലിയ വായനശാല ജയിലിലേതാണ്. സംസ്ഥാനത്തെ വിവിധ ജയിലുകളിലായി നിരവധി ഗ്രന്ഥശാലകളുണ്ട്. നിയമനടപടികളുടെ അടിസ്ഥാനത്തില്‍ പരിമിതമായ സ്വാതന്ത്ര്യത്തില്‍ കഴിയുന്ന തടവുകാര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ മൂല്യമറിയാം. അവിടെ വായനയ്ക്ക് വലിയ സ്ഥാനമുണ്ട്. നല്ല മനുഷ്യനായി ജീവിച്ചാലേ നമ്മുടെ ജീവിതത്തിന് പ്രസക്തിയുള്ളൂ. അവനവന്റെ ഉള്ളിലേയ്ക്കു നോക്കാന്‍ പുസ്തകങ്ങള്‍ പ്രേരണ നല്‍കും. അതിനാലാണ് ജയിലുകള്‍ കേന്ദ്രീകരിച്ച് ലൈബ്രറിയും ഒരുക്കുന്നത്. അടുത്ത കാലത്തായി ജയിലുകളില്‍ ഗ്രന്ഥശാല പ്രവര്‍ത്തനം ശക്തമാണെന്നും ഇതു തുടരണമെന്നും അദ്ദേഹം പറഞ്ഞു. വിചാരണത്തടവോ ജയില്‍ ശിക്ഷയോ അനുഭവിയ്ക്കുന്നവരെ വായനയിലൂടെ നല്ല ജീവിതത്തിലേയ്ക്കു കൊണ്ടുവരാനുള്ള ഇത്തരം ശ്രമങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജയില്‍ ജീവിതം കാത്തിരിപ്പിന്റെ പ്രതീകമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കവയിത്രി മ്യൂസ് മേരി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. പുറത്തെ വിശാലമായ ലോകത്തേയ്ക്കും കുടുംബത്തിലേയ്ക്കും മടങ്ങിച്ചെല്ലാനുളള കാത്തിരിപ്പാണ് ജയിലിലുള്ളത്. അവിടത്തെ ജീവിതം അതിജീവനത്തിന്റെ പാഠവുമാണ്. ഐറിഷ് സാഹിത്യകാരനായ സാമുവല്‍ ബക്കറ്റിന്റെ വെയിറ്റിങ് ഫോര്‍ ഗോദോ എന്ന വിഖ്യാത നാടകം നിരവധി വേദികളില്‍ അരങ്ങേറിയിട്ടും പാരീസിലെ ജയിലിലെ തടവുകാര്‍ക്കിടയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ലഭിച്ചയത്ര മികച്ച പ്രതികരണം ലഭിച്ചില്ല. കാത്തിരിപ്പ് ഇതിവൃത്തമായ നാടകം അതിന്റെ വില നന്നായി മനസ്സിലാക്കിയവര്ക്കിടയിലെത്തി യതാണ് കാരണം. പ്യൂപ്പയില്‍നിന്ന് ചിത്രശലഭം വിശാലമായ ലോകത്തേയ്ക്ക് പറന്നുയരുന്നതുപോലെ തടവുശിക്ഷയനുഭവിയ്ക്കുന്നവര്‍ കുറ്റവാസനയില്ലാത്ത ജീവിതരീതിയിലേയ്ക്ക് ഉയരണം. ജീവിതത്തിന്റെ നൈരന്തര്യത്തില്‍ ഈ തടവുജീവിതത്തില്‍നിന്നും മാറി പ്രകാശമാനമായ മടുപ്പില്ലാത്ത ജീവിതത്തിലേയ്ക്ക് എക്കാലത്തേയ്ക്കുമായി മാറണമെന്നും അവര്‍ പറഞ്ഞു.
ജില്ലാ ജയിലിലെ അസി.പ്രിസണ്‍ ഓഫീസര്‍ അഖില്‍ എം.ശിശുപാല്‍, കൊച്ചി ആകാശവാണി അനൗണ്‍സര്‍ അന്‍വിന്‍ കെടാമംഗലം എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.ആര്‍.രഘു, സെക്രട്ടറി എം.ആര്‍.സുരേന്ദ്രന്‍, കണയന്നൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി.ആര്‍.രാജേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, ജില്ലാ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് അഖില്‍ എസ്.നായര്‍, വെല്‍ഫെയര്‍ ഓഫീസര്‍ റ്റി.ജി.സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.