അപൂര്‍വ ലോഹനിര്‍മിത എണ്ണ വിളക്കുകളുടെ പ്രദര്‍ശനം തുടങ്ങി
വള്ളത്തിന്റെ രൂപം. അമരത്തും അണിയത്തും  കുതിരപ്പുറത്തെ സഞ്ചാരി തൊഴുകൈകളോടെ തുഴച്ചില്‍കാര്‍. ആലിലകള്‍ കൊണ്ട് അലങ്കാരം. അഞ്ചു തിരി തെളിയിക്കാവുന്ന വിളക്കിന് പേര് വഞ്ചിവിളക്ക്. ഇതുപോലെയുളള ലോഹനിര്‍മ്മിത എണ്ണ വിളക്കുകളുടെ അപൂര്‍വ പ്രദര്‍ശനമാണ് ലോകപൈതൃക വാരാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം ആര്‍ട്ട് മ്യൂസിയത്തില്‍ ഒരുക്കിയിരിക്കുന്നത്.
പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ പ്രചാരത്തിലുണ്ടായിരുന്ന വിളക്കുകളാണേറെയും. വൈദ്യുതിയില്ലാതിരുന്ന കാലത്ത് വെളിച്ചം പകരാന്‍ കൊട്ടാരങ്ങളിലും ക്ഷേത്രങ്ങളിലും ഉപയോഗിച്ചിരുന്ന വിളക്കുകളാണിവ. കേരളത്തിനു പുറമെ തമിഴ്‌നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്ന എണ്ണ വിളക്കുകളുമുണ്ട്. എണ്ണ പകര്‍ന്നാല്‍ ഏറെ നേരം തെളിഞ്ഞുകത്തുമെന്നാണ് ഇവയുടെ പ്രത്യേകത. താലവുമായി നില്‍ക്കുന്ന സ്ത്രീയുടെ രൂപമുള്ള ബൊമ്മ വിളക്കാണ് മറ്റൊരാകര്‍ഷണം. താമര രൂപത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള മൃഗത്തിനു മുകളിലാണ് സ്ത്രീ താലവുമായി നില്‍ക്കുന്നത്. ക്ഷേത്രങ്ങളുടെ ചുവരുകളിലായിരുന്നു ഇത്തരം വിളക്കുകള്‍ സ്ഥാപിച്ചിരുന്നത്. ക്ഷേത്രങ്ങളില്‍ ഉപയോഗിച്ചിരുന്ന പ്രത്യേക രൂപത്തിലുള്ള ക്ഷേത്രവിളക്കുകളും പ്രദര്‍ശനത്തിലുണ്ട്.
പൈനാപ്പിള്‍ വിളക്ക്, ചെമ്പില്‍ തീര്‍ത്ത നാഗത്തിരി വിളക്ക്, കിണ്ടി വിളക്ക്, പിടിവിളക്ക്, ഗജലക്ഷ്മിവിളക്ക്, കവരവിളക്ക്, അരയന്ന വിളക്ക്, കാളിയമര്‍ദ്ദനവിളക്ക്, സ്തംഭവിളക്ക്, ഗരുഡ വിളക്ക് എന്നിവയാണ് പ്രദര്‍ശനത്തിലുള്ള മറ്റു ആകര്‍ഷണങ്ങള്‍. ആദ്യമായാണ് മ്യൂസിയത്തിന്റെ ശേഖരത്തിലുള്ള എണ്ണ വിളക്കുകളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. 45 വിളക്കുകളാണ് പ്രദര്‍ശനത്തിലുള്ളത്. കൂടുതല്‍ വിളക്കുകള്‍ വരും ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ഈ മാസം 25 വരെയാണ് പ്രദര്‍ശനം.