സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായ ‘സ്‌കൂള്‍ അടുക്കള പച്ചക്കറിത്തോട്ടം പദ്ധതി’ ജില്ലയിലെ 879 വിദ്യാലയങ്ങളിലും സമ്പൂര്‍ണ്ണമായി നടപ്പിലാക്കിയതിന്റെ ജില്ലാതല പ്രഖ്യാപനം നടന്നു. പന്മന മനയില്‍ എസ് ബി വി എസ് ജി എച്ച് എസ് സ്‌കൂളില്‍ സുജിത്ത് വിജയന്‍ പിള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു.
കുട്ടികളില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതില്‍ പദ്ധതിക്ക് ഏറെ പങ്കുണ്ടെന്നും ഇതിലൂടെ വിഷരഹിത പച്ചക്കറി ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാന്‍ കഴിയുന്നത് അഭിമാനകരമാണെന്നും എം എല്‍ എ പറഞ്ഞു.

ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി അധ്യക്ഷനായി. സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം സബിത ബീഗം മുഖ്യാതിഥിയായി.പദ്ധതി പ്രവര്‍ത്തനത്തില്‍ മികവ് പുലര്‍ത്തിയ ചവറ നൂണ്‍മീല്‍ ഓഫീസര്‍ കെ ഗോപകുമാറിന് പുരസ്‌കാരം നല്‍കി. പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഷമി മുതിര്‍ന്ന കര്‍ഷകനെ ആദരിച്ചു.

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം ജെ റസീന, ജില്ലാ നൂണ്‍ ഫീഡിങ് സൂപ്പര്‍വൈസര്‍ സൈഫുദ്ദീന്‍ മുസിലിയാര്‍, ഹെഡ്മിസ്ട്രസ് ആര്‍ ഗംഗാദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസന്നന്‍ ഉണ്ണിത്താന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.