സംസ്ഥാനത്തെ തൊഴിൽ വൈപുല്യത്തിനനുസരിച്ച് ഈ മേഖലയെ പ്രാപ്തമാക്കാൻ ഊർജ്ജിത നടപടികൾ സ്വീകരിക്കുമെന്ന് കിലെ പ്രസിഡന്റും തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പു മന്ത്രിയുമായ ടി.പി.രാമകൃഷ്ണൻ. പുനസംഘടിപ്പിക്കപ്പെട്ട കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ (കിലെ) ആദ്യ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ തൊഴിൽ മേഖലയിൽ സംഘടനകളുടെ സാന്നിദ്ധ്യം സജീവമാണ്. എന്നാൽ തൊഴിൽ മേഖല, തൊഴിൽ നിയമങ്ങൾ എന്നിവയിലുള്ള അവബോധം ശക്തമല്ല എന്നാണ് കണ്ടു വരുന്നത്. കിലെയും തൊഴിൽ-നൈപുണ്യം വകുപ്പും തൊഴിലാളികൾക്ക് അനുഗുണമാകുന്ന വിധത്തിൽ തൊഴിൽ നിയമങ്ങൾ, ക്ഷേമ പദ്ധതികൾ മുതലായവ സംബന്ധിച്ച ലഘുലേഖകളും ചെറു പുസ്തകങ്ങളും പ്രസിദ്ധീകരിക്കണം. തൊഴിലാളികൾക്കും അവരുടെ കുടുംബത്തിനും ഗുണകരമായ വിധത്തിൽ ആനുകാലിക പ്രസിദ്ധീകരണങ്ങലിൽ മാറ്റങ്ങൾ കൊണ്ടു വരണം. ഇത് തൊഴിൽ സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും അറിവിനായി പങ്കു വയ്ക്കുന്നതിന് ആർജ്ജവത്തോടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.
തൊഴിലാളികളുടെ മക്കൾ ഏറെ പ്രയാസങ്ങൾ നേരിടുന്നതായി കണ്ടു വരുന്നുണ്ട്. തൊഴിൽ വൈദഗ്ധ്യം നേടുന്നതിന് അവർക്ക് പ്രതികൂലമായി നിൽക്കുന്ന പല ഘടകങ്ങളുണ്ട്. സാമ്പത്തിക പരാധീനത ഒരു വശത്തുണ്ട്. രണ്ടാമത്തേത് കൃത്യമായ പരിശീലനത്തിന്റെ അഭാവമാണ്. ഇതിന് പരിഹാരം കാണുന്നതിന് കിലെയ്ക്ക് സാധിക്കണം. തൊഴിലാളികളുടെ മക്കളുടെ തൊഴ്ൽ വൈദഗ്ധ്യ പരിശീലനത്തിനുൾപ്പെടെ ശിൽപശാലകൾ, അറിവു പ്രദാനം ചെയ്യുന്ന മറ്റ് പ്രവർത്തനങ്ങൾ മുതലായവ സംഘടിപ്പിക്കണം.
കിലെയുടെ പ്രവർത്തന പരിപാടികളിൽ പുതിയ ആശയങ്ങൾ കൊണ്ടു വരുന്നതിനും തൊഴിൽ മേഖലയെ ആർജ്ജവത്തോടെ സമീപിക്കുന്നതിനും സ്ഥാപനം വിപുലപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികൾക്ക് സർക്കാർ നീക്കം ആരംഭിച്ചുകഴിഞ്ഞു. ദേശീയ നിലവാരത്തിലുള്ള പഠന-പരിശീലന-ഗവേഷണ സ്ഥാപനമായി കിലെയെ മാറ്റുന്നതിനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇതിനായി പ്രത്യേക കാമ്പസ് തയാറാക്കും. സ്ഥലം കണ്ടെത്താനും സജ്ജീകരിക്കാനും ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വി.വി.ഗിരി ഇൻസ്റ്റിറ്റ്യൂട്ട് മാതൃകയിലുള്ള ഒരു കാമ്പസാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ വകുപ്പു മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് പഠനം നടത്തി സംസ്ഥാനത്ത് പ്രാവർത്തികമാക്കുക എന്ന ലക്ഷ്യവുമുണ്ട്. ഇതിനായി ഉടൻ നടപടികൾ സ്വീകരിക്കും.
കാമ്പസിനായുള്ള പ്രൊപ്പോസൽ തയാറാക്കിയ ശേഷം , പ്ലാനിംഗ് ബോർഡുമായും വിവിധ തൊഴിൽ സംഘടനകളുമായും ചർച്ച നടത്തും. തൊഴിലാളികളുടെയും തൊഴിൽ സ്ഥാപനങ്ങളുടെയും സഹകരണവും ഉറപ്പാക്കേണ്ടതുണ്ട്. സംസ്ഥാനത്തെ തൊഴിൽ മേഖല സംബന്ധിച്ച ഡോക്യുമെന്റേഷൻ നടത്തുന്നതിന് നടപടികൽ സ്വീകരിക്കും. വിവിധ തൊഴിലാളി യൂണിയനുകളുടെ സംസ്ഥാന, ജില്ലാ തലത്തിലുള്ള ചർച്ചകൾ സംഘടിപ്പിക്കുന്നതിനും തൊഴിലാളി പക്ഷ പ്രവർത്തനങ്ങൾക്ക് ഉണർവ്വ് പകരുന്നതിനുള്ള നടപടികൾക്കും മന്ത്രി നിർദേശം നൽകി.
ചടങ്ങിൽ കിലെ ചെയർമാൻ വി.ശിവൻകുട്ടി , എ.സമ്പത്ത് എംപി, എ.പ്രദീപ്കുമാർ എംഎൽഎ, ബോർഡംഗങ്ങളും തൊഴിലാളി നേതാക്കളുമായ അനിൽകുമാർ(ഐഎൻടിയുസി),ജോർജ്ജ്(സിഐടിയു),മല്ലിക(എഐടിയുസി), ലേബർ കമ്മീഷണർ കെ.ബിജു, ട്രെയിനിംഗ്-എംപ്ലോയ്‌മെന്റ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, ട്രാവൻകൂർ കെമിക്കൽസ് ഡയറക്ടർ, ധന അഡീ.സെക്രട്ടറി സി.ജയലക്ഷ്മി, ആസൂത്രണ-സാമ്പത്തിക കാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കെ.സുദർശനൻ , പ്ലാനിംഗ് ബോർഡ് റിസർച്ച് ഓഫീസർ ബി.എം.അനിൽകുമാർ, കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എസ്.ബിജു ഉൾപ്പെടെയുള്ളവർ പ്രസംഗിച്ചു.
—