ന്യൂഡൽഹി : ഭാരത അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരള ദിനാഘോഷം നാളെ (24/11/2017). പ്രഗതി മൈതാനിയിലെ ഹംസധ്വനി തിയേറ്ററിൽ വൈകിട്ട് 5.30ന് ആഘോഷത്തിന്റെ വർണ പ്രപഞ്ചമൊരുക്കി ‘ദില്ലി ഡ്യൂ’ എന്ന ഗ്രാൻഡ് ഷോ അരങ്ങേറും. പ്രശസ്ത സംവിധായകൻ ജി.എസ്. വിജയനാണു കലാവിരുന്നിനു ചുക്കാൻ പിടിക്കുന്നത്.
കലാകാരന്മാരുടെ വലിയൊരു നിരയാണു ദില്ലി ഡ്യൂവിന്റെ അണിയറയിലുള്ളത്. നടൻ രാഹുൽ മാധവ്, നടി സരയു, സുനീഷ് വാരനാട്, പിന്നണി ഗായകരായ സച്ചിൻ വാര്യർ, അഖില ആനന്ദ് തുടങ്ങി നിരവധി പ്രശസ്തർ ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കാൻ വേദിയിലെത്തും. നൃത്തവും സംഗീതവും ഹാസ്യവും ഇഴചേരുന്ന മെഗാ ഷോ കേരള ദിനാഘോഷ വേദിയെ കലാസ്വാദനത്തിന്റെ നെറുകയിലെത്തിക്കും.
സ്റ്റാർട്ട്അപ്പ് ഇന്ത്യ – സ്റ്റാൻഡ്അപ്പ് ഇന്ത്യ എന്ന ആശയത്തിലുള്ള ഇത്തവണത്തെ വ്യാപാരമേളയിൽ സ്റ്റാർട്ട്അപ്പ് കേരള എന്ന ആശയത്തിലാണു കേരള പവിലിയൻ അവതരിപ്പിച്ചിരിക്കുന്നത്. ഹാങ്ങർ 15-ൽ പ്രവർത്തിക്കുന്ന പവിലിയനിൽ യുവസംരംഭകരുടെ നിരവധി സംരംഭക ആശയങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. 14ന് ആരംഭിച്ച മേളയിലേക്കു ദിവസവും സന്ദർശകരുടെ വലിയ ഒഴുക്കാണ്. സ്റ്റാർട്ട്അപ്പ് ആശയങ്ങളുടെ വൈവിധ്യംകൊണ്ട് കേരള പവിലിയൻ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 7.30 വരെയാണു പവിലിയനിലേക്കു പ്രവേശനം. സംസ്ഥാന ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിലാണു കേരള പവിലിയൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മേള 27ന് അവസാനിക്കും.