കട്ടപ്പന ബ്ലോക്ക് ക്ഷീര കര്‍ഷകസംഗമവും അണക്കര ആപ്‌കോസിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷവും വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു . ക്ഷീരവികസന വകുപ്പ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്കിലെ ക്ഷീരസഹകരണ സംഘങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അണക്കര സാന്തോം പാരിഷ്ഹാളില്‍ നടന്ന പൊതുസമ്മേളനത്തില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം റ്റി മനോജ് അധ്യക്ഷത വഹിച്ചു.

മില്‍മ ഇആര്‍സിഎംപിയു ചെയര്‍മാന്‍ എം റ്റി ജയന്‍ മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന ക്ഷീരവികസന ഓഫീസര്‍ ശ്രീജിത്ത് പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ക്ഷീരവികസന വകുപ്പും കട്ടപ്പന ബ്ലോക്കിലെ തദ്ദേശസ്വയംഭരണ സ്ഥാപങ്ങളും സംയുക്തമായി 247.93 ലക്ഷം രൂപയുടെ ക്ഷീരവികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. ക്ഷീരമേഖലയിലെ കര്‍ഷകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും പാല്‍ ഉത്പാദന വിതരണ ശൃംഖല കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമായാണ് ക്ഷീര കര്‍ഷക സംഗമം സംഘടിപ്പിച്ചത്.

ചടങ്ങില്‍ കട്ടപ്പന ബ്ലോക്കിലെ മികച്ച ക്ഷീര കര്‍ഷകരെ എംഎല്‍എ ആദരിച്ചു. സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന അണക്കര ആപ്കോസിനെയും അണക്കര ആപ്കോസ് മുന്‍പ്രസിഡന്റുമാര്‍, വിരമിച്ച ജീവനക്കാര്‍, 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഭരണസമിതി അംഗങ്ങള്‍, ഏറ്റവും മികച്ച കര്‍ഷകര്‍, ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകര്‍, യുവ കര്‍ഷകര്‍ എന്നിവരെയും ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

ക്ഷീരകര്‍ഷക സംഗമത്തിനോട് അനുബന്ധിച്ച് ഇടുക്കി ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ ഡോളസ് പി ഇ മോഡറേറ്റര്‍ ആയ ക്ഷീരവികസന സെമിനാറില്‍ ‘ഉരുക്കളുടെ ആരോഗ്യം – ഒരു പുനര്‍ചിന്തനം’ എന്ന വിഷയത്തില്‍ കട്ടപ്പന ഗവ. പോളി ക്ലിനിക് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. പി വി ഗീതമ്മ, ‘പാല്‍ ഗുണമേന്മ – ക്ഷീര കര്‍ഷകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍’ എന്ന വിഷയത്തില്‍ ഇടുക്കി ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ അഞ്ചു കുര്യന്‍ എന്നിവര്‍ ക്ലാസ് നയിച്ചു. ഡയറി എക്സ്പോ, ഡയറി ക്വിസ് എന്നിവയും പരിപാടിയുടെ ഭാഗമായി നടത്തി.
ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, മില്‍മ പ്രതിനിധികള്‍, ക്ഷീര സംഘം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ജീവനക്കാര്‍, വിവിധ ക്ഷീരസംഘങ്ങളില്‍ നിന്നുള്ള ക്ഷീരകര്‍ഷകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നു.