വയനാട്: കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ സര്‍വവും നഷ്ടപ്പെട്ടതോടെ വായ്പയെടുത്തു വാങ്ങിയ പശുക്കളെ തുച്ഛമായ വിലയ്ക്ക് വില്‍ക്കേണ്ടി വന്ന വീട്ടമ്മയ്ക്കു കൈത്താങ്ങായി ബംഗാള്‍ സ്വദേശിയുടെ കാരുണ്യം. ‘വീ ഫോര്‍ വയനാട്’ മിഷന്റെ ഭാഗമായി ഡൊണേറ്റ് എ കൗ പദ്ധതി പ്രകാരം ബംഗാള്‍ സ്വദേശി സ്‌പോണ്‍സര്‍ ചെയ്ത കറവപ്പശുവിനെ പഞ്ചാരക്കൊല്ലി സ്വദേശിയായ രജനിക്ക് കൈമാറി. പശുക്കളെ വളര്‍ത്തി ഉപജീവനമാര്‍ഗം തേടിയിരുന്ന നിരവധി പേര്‍ക്കാണ് ഡൊണേറ്റ് എ കൗ പദ്ധതി വഴി ജില്ലയില്‍ പശുക്കളെ നല്‍കിയത്. പതിനഞ്ചിലധികം പശുക്കളെയും കന്നുകുട്ടികളെയും കല്‍പ്പറ്റ ക്ഷീരവികസന ഓഫീസര്‍ വി.എസ് ഹര്‍ഷ മുന്‍കൈയെടുത്ത് വിതരണം ചെയ്തിട്ടുണ്ട്. ജില്ലയില്‍ തുടങ്ങിയ പദ്ധതി ഇന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മാതൃകയായി തീര്‍ന്നിരിക്കുകയാണ്.
ജില്ലാ സഹകരണ ബാങ്കില്‍ നിന്നും മാനന്തവാടി ക്ഷീരസംഘം മുഖേന വായ്പയെടുത്ത രജനിയും കുടുംബവും മറ്റു മാര്‍ഗ്ഗമില്ലാതെ ബുദ്ധിമുട്ടുന്ന ഘട്ടത്തിലാണ് ഡൊണേറ്റ് എ കൗ പദ്ധതി മുഖേന മാനന്തവാടി ക്ഷീരസംഘം കറവപ്പശുവിനെ ലഭ്യമാക്കിയത്. മാനന്തവാടി ക്ഷീരോല്‍പ്പാദക സഹകരണസംഘം വാര്‍ഷിക പൊതുയോഗത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് പശുവിനെ കൈമാറി. സംഘം അദ്ധ്യക്ഷന്‍ പി.ടി ബിജു, ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ സൈമണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
