ശബരിമല തീര്‍ഥാടനകാലം സമ്പൂര്‍ണമായും സുഗമമാക്കണമെന്ന് ജില്ലാ വികസന സമിതിയില്‍ നിര്‍ദേശം. പശ്ചാത്തല-യാത്രാസൗകര്യം ഉള്‍പ്പടെ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സംവിധാനങ്ങളെല്ലാം കുറ്റമറ്റ രീതിയില്‍ ഒരുക്കണമെന്ന് പങ്കെടുത്ത ജനപ്രതിനിധികളെല്ലാം ആവശ്യപ്പെട്ടു.
കൊല്ലം-ചെങ്കോട്ട ദേശീയപാതയുടെ നിര്‍മാണപ്രവര്‍ത്തങ്ങള്‍ ത്വരിതപ്പെടുത്തണം. തെന്മലയില്‍ പട്ടിക വിഭാഗത്തില്‍പെട്ടവരെ താമസസ്ഥലത്ത് നിന്ന് മാറ്റുന്നതിനുള്ള വനംവകുപ്പ്‌നടപടി നിര്‍ത്തിവയ്ക്കണം, നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടും നല്‍കണം – പി എസ് സുപാല്‍ എം എല്‍ എ ആവശ്യപ്പെട്ടു.

അഞ്ചല്‍, കുളത്തുപ്പുഴ എന്നിവിടങ്ങളിലെ ഹൈവേയില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ക്രാഷ് ബാരിയറുകളും മുന്നറിയിപ്പ് ബോര്‍ഡുകളുംവേണം. ആസിഡ് കൊണ്ടുവരുന്ന ലോറികളുടെ സുരക്ഷാസംവിധാനം ഉറപ്പാക്കുകയും വാഹനങ്ങളില്‍ അമിതഭാരം അനുവദിക്കരുതെന്ന ആവശ്യവും ഉന്നയിച്ചു.

കിളികൊല്ലൂര്‍ തോടിന്റെ പാലം നിര്‍മാണ പ്രവര്‍ത്തനം രണ്ടാഴ്ചയ്ക്കുള്ളില്‍ തുടങ്ങണമെന്ന് എം നൗഷാദ് എം എല്‍ എ നിര്‍ദേശിച്ചു. ദേശീയപാത 183 ലെ ഞാങ്കടവില്‍ ഒരു കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റി നാഷണല്‍ ഹൈവേ അതോറിറ്റിക്ക് അഫിഡവിറ്റ് നല്‍കിയ സാഹചര്യത്തില്‍ എത്രയുംവേഗം നിര്‍മാണം പൂര്‍ത്തിയാക്കണം എന്നും ആവശ്യപ്പെട്ടു

കരുനാഗപ്പള്ളിയില്‍ 66കെ വി വൈദ്യുതി ലൈന്‍ 110ലേക്ക് ഡിസംബറിനകം മാറ്റണം എന്ന് പ്രവര്‍ത്തനപുരോഗതി വിലയിരുത്തി സി ആര്‍ മഹേഷ് എം എല്‍ എ ആവശ്യപ്പെട്ടു. മാളിയേക്കല്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണവും സമയബന്ധിതമായി പൂര്‍ത്തിയാക്കണം. കെ എ പി കനാല്‍ വൃത്തിയാക്കല്‍ നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശപ്രകാരം അടിയന്തര നടപടിക്ക് തീരുമാനമായി.

തൊഴിലുറപ്പ് പദ്ധതിയുടെ മാര്‍ഗരേഖയില്‍ മാറ്റം വരുത്തിയ പശ്ചാത്തലത്തില്‍ പ്രവര്‍ത്തികള്‍ക്ക് നേരിടുന്ന തടസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണെമെന്നാണ് കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ ആവശ്യപ്പെട്ടത്. പെരുമണ്‍ പാലത്തിന്റെ സെന്‍ട്രല്‍ അലൈന്‍മെന്റ് പരിഷ്‌കരണനടപടികള്‍ വേഗത്തിലാക്കണമെന്നും നിര്‍ദേശിച്ചു.
കാര്‍ഷിക മേഖലയ്ക്ക് ഭീക്ഷണിയാകുന്ന വന്യമൃഗശല്യം പരിഹരിക്കണമെന്ന പൊതുനിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു.
കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ കോവിഡ്കാലത്തു നിര്‍ത്തലാക്കിയ സ്റ്റേ ബസുകളുടെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കണം എന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി യുടെ പ്രതിനിധി കെ എസ് വേണുഗോപാല്‍ ആവശ്യപ്പെട്ടു. റേഷന്‍ സംവിധാനത്തില്‍ ക്രമക്കേടുകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണമെന്നും ചൂണ്ടിക്കാട്ടി.
വഴിയോര കച്ചവടക്കാര്‍ അളവുതൂക്കം, ഗുണമേ• എന്നിവ പാലിക്കുന്നത് ഉറപ്പാക്കണമെന്നാണ് കെ ബി ഗണേഷ് കുമാറിന്റെ പ്രതിനിധിയുടെ നിര്‍ദേശം.
കൊല്ലം-ആലപ്പുഴ ബോട്ട്‌സര്‍വീസ് സീസണ്‍സമയത്ത് പ്രവര്‍ത്തിപ്പിക്കുന്നത് പിന്നീടും തുടരണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി യുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു. ഭിന്നശേഷി നിയമനത്തിന്റെ കണക്കുകളും ആവശ്യപ്പെട്ടിട്ടുണ്ട്.
സമിതിയിലെ നിര്‍ദേശങ്ങളും ആവശ്യങ്ങളും പരിഗണനയിലെടുത്ത് പരിഹാര നിര്‍ദേശം അടിയന്തര പ്രാധാന്യത്തോടെ നല്‍കുമെന്ന് അധ്യക്ഷനായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അറിയിച്ചു. പ്ലാന്‍ഫണ്ട് വിനിയോഗത്തിലെ കൃത്യത തുടരണമെന്നും നിര്‍ദേശിച്ചു. നവകേരള സദസ്സ് നടത്തുന്നത് മികവുറ്റതാക്കാന്‍ ഉദ്യോഗസ്ഥ-ജനപ്രതിനിധി ഏകോപനം അനിവാര്യമാണെന്നും വ്യക്തമാക്കി.

കേരളത്തെ ലോകസമക്ഷം എത്തിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരളീയം പദ്ധതി സംബന്ധിച്ചും യോഗം ചര്‍ച്ചചെയ്തു. പരിപാടിക്ക് പിന്തുണയോടൊപ്പം പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങളും ഉയര്‍ന്നു.