കളമശേരി സാമ്ര കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദർശിച്ചു. തിരുവനന്തപുരത്തു നിന്നും ഹെലികോപ്റ്ററിൽ കളമശ്ശേരി സെന്‍റ് പോൾസ് കോളേജ് മൈതാനത്തിറങ്ങിയ മുഖ്യമന്ത്രി ആദ്യമെത്തിയത് കളമശ്ശേരിയിലെ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. സ്ഫോടനത്തിൽ പൊള്ളലേറ്റ് മരിച്ച കുമാരിയുടെയും ലിയോണ പൗലോസിന്റെയും ബന്ധുക്കളോടും മുഖ്യമന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു. കുമാരിയുടെ മകൻ ശ്രീരാജ്, മരുമകൾ ദിവ്യ, ബന്ധു ജിന്‍സ്, ലിയോണ പൗലോസിന്റെ മകൻ ബാബു പോൾ എന്നിവരോടാണ് മുഖ്യമന്ത്രി സംസാരിച്ചത്. ചികിത്സയിൽ കഴിയുന്ന ഗ്രേസി, രാഹുൽ, അമൽ എന്നിവരെയും സന്ദർശിച്ചു.

പാലാരിവട്ടത്ത് എറണാകുളം മെഡിക്കൽ സെന്‍റർ ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ട മുഖ്യമന്ത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളവരുടെ വിവരങ്ങൾ ആരാഞ്ഞു. 50 ശതമാനവും 32 ശതമാനവും പൊള്ളലേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ബാക്കി രണ്ട് പേരുടെ കാര്യത്തിൽ പുരോഗതിയുണ്ട്. ജോസ്ന ജോബി (28) , സാബിയോ സജി (15), മോളി സിറിയാക് (58), വീനസ് ഷാജു (16) എന്നിവരാണ് ഇവിടെ ചികിത്സയിൽ കഴിയുന്നത്. കാക്കനാട് സൺറൈസ് ഹോസ്പിറ്റലിൽ എത്തിയ മുഖ്യമന്ത്രി ചികിത്സയിലുള്ള ജോസ്, സെലിസ്റ്റി, ഷിജിൽ ജോസഫ് എന്നിവരെ സന്ദർശിച്ച് വിവരങ്ങൾ അന്വേഷിച്ചു. എട്ടു പേരെ ഇവിടെ പ്രവേശിപ്പിച്ചതിൽ മൂന്ന് പേർ ആശുപത്രി വിട്ടു. ആറു പേരിൽ രണ്ട് പേർ തീവ്രപരിചരണത്തിലാണ്.

കാക്കനാട് നിന്നും ആലുവ ചുണങ്ങംവേലിയിലെ രാജഗിരി ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി ഇവിടെയും ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. ഡോക്ടർമാരുമായി ആശയവിനിമയം നടത്തി. നാല് പേരാണ് നിലവില്‍ രാജഗിരി ആശുപത്രയില്‍ ചികിത്സയിലുള്ളത്. ഇവരെല്ലാവരും ഐ.സി.യുവില്‍ തന്നെയാണ്. ഇതില്‍ അറുപത് ശതമാനം പൊള്ളലേറ്റിട്ടുള്ള ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരില്‍ രണ്ട് പേര്‍ക്ക് 50 ശതമാനമാണ് പൊള്ളലേറ്റിരിക്കുന്നത്. പത്ത് ശതമാനം പൊള്ളലേറ്റ ഒരു കുട്ടിയും ഇവിടെ ചികിത്സയില്‍ തുടരുന്നു.

ആരോഗ്യമന്ത്രി വീണ ജോർജ്, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ,ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, കായിക വകുപ്പ് മന്ത്രി വി. അബ്ദുൽ റഹ്മാൻ, ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്, ഡിജിപി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എഡിജിപി എം ആർ അജിത് കുമാർ, സി.പി.എം സംസ്ഥാന സെക്രട്ടറിയും എം.എൽ.എയുമായ എം.വി ഗോവിന്ദന്‍ തുടങ്ങിയവരും മുഖ്യമന്ത്രിയെ അനുഗമിച്ചു.