മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമനടപടി സ്വീകരിക്കാന്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധന ജില്ലയില്‍ ഊര്‍ജ്ജിതമാക്കി. ജുലൈ മുതല്‍ ഒക്ടോബര്‍ വരെ ജില്ലയിലെ 60 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് സ്വകാഡ് പരിശോധന നടത്തിയത്. പൊഴുതന,വെളളമുണ്ട, കണിയാമ്പറ്റ, അമ്പലവയല്‍, പനമരം, തവിഞ്ഞാല്‍ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ സ്ഥലങ്ങളിലാണ് കുടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളാണ് പരിശോധനയില്‍ കൂടുതലായും പിടിച്ചെടുത്തത്. അനധികൃതമായി മാലിന്യം കടത്താന്‍ ഉപയോഗിക്കുന്ന വാഹനവും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും.

എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും നേതൃത്വത്തിലാണ് ജില്ലയില്‍ പരിശോധനകള്‍ നടത്തുന്നത്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ-ചട്ട ലംഘനങ്ങള്‍ കണ്ടെത്തല്‍, പരിശോധന നടത്തല്‍, കുറ്റം കണ്ടെത്തല്‍, അനധികൃതമായി ഉപയോഗിക്കുകയും, വില്‍പന നടത്തുന്നതുമായ ഡിസ്പോസിബിള്‍ വസ്തുക്കള്‍ പിടിച്ചെടുക്കല്‍, പിഴ ഈടാക്കല്‍, നിയമ നടപടികള്‍ സ്വീകരിക്കല്‍ എന്നിവയാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍.

നിയമലംഘനം നടത്തുന്ന നിര്‍മ്മാതാക്കള്‍, മൊത്ത വിതരണക്കാര്‍, ചെറുകിട വില്‍പ്പനക്കാര്‍, എന്നിവരില്‍ നിന്നും നിരോധിത ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കുന്നതും പിഴ ഈടാക്കുന്നതും കേരള പഞ്ചായത്തീരാജ് , കേരള മുനിസിപ്പാലിറ്റി നിയമം എന്നീ നിയമങ്ങള്‍ വഴിയാണ്. പിടിച്ചെടുക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ തുക്കത്തിനുസരിച്ചാണ് പിഴ ഈടാക്കുന്നത്. നിയമ ലംഘനത്തിന് ആദ്യം 10,000 രൂപ ഈടാക്കും. വീണ്ടും ആവര്‍ത്തിക്കുകയാണെകില്‍ 25,000, 50,000 വരെ പിഴ ചുമത്തുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.

തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണല്‍ വിജിലന്‍സ് വിങ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, ജില്ലാ ശുചിത്വ മിഷന്‍ എന്‍ഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ടീമിലുളളത്. തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിക്കുള്ളിലെ പോലീസ് ഉദ്യോഗസ്ഥനും ഈ ടീമില്‍ ഉണ്ടായിരിക്കും. ജില്ലാ ശുചിത്വ മിഷന്‍ ഓഫീസാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തന ആസ്ഥാനം. പൊതുജനങ്ങള്‍ക്ക് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍, നിരോധിത വസ്തുക്കളുടെ ഉപയോഗം, വില്‍പന, സൂക്ഷിക്കല്‍ എന്നിവ സംബന്ധിച്ച് പരാതികള്‍ 04936 203223 എന്ന നമ്പറില്‍ അറിയിക്കാം.

നിരോധിത ഉല്‍പന്നങ്ങള്‍

പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍, ബൗള്‍, ക്യാരി ബാഗുകള്‍.പ്ലാസ്റ്റിക് പേപ്പര്‍, പ്ലാസ്റ്റിക് ക്യാരി ബാഗ്, പ്ലാസ്റ്റിക് ഷീറ്റ്, പ്ലാസ്റ്റിക് കപ്പ്,സ്പുണുകള്‍, ഫ്‌ളാഗുകള്‍, ജ്യൂസ് പാക്കറ്റുകള്‍,ഗാര്‍വേജ് ബാഗ് ( പ്ലാസ്റ്റിക് ),പേപ്പര്‍ കപ്പുകള്‍, തെര്‍മോക്കോള്‍/ സ്‌റ്റൈറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍, പി.ഇ.റ്റി / പി. ഇ.റ്റി. ഇ ബോട്ടിലുകള്‍ ( 300 എം.എല്‍ കപ്പാസിറ്റി ക്ക് താഴെ), പി.വി.സി ഫ്‌ലക്‌സ് മെറ്റീരീയന്‍സ്, പ്ലാസ്റ്റിക് കോട്ടിങ്ങോടു കുടിയ ഉല്‍പന്നങ്ങള്‍, ഭക്ഷണം പൊതിഞ്ഞു നല്‍കുന്ന ഷീറ്റുകള്‍, ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, സ്പുണുകള്‍,ഫോര്‍ക്കുകള്‍, ഡിഷുകള്‍,സ്റ്റിറര്‍, നോണ്‍ വൂവണ്‍ ബാഗുകള്‍, പ്ലാസ്റ്റിക് ഫ്‌ളാഗുകള്‍, പ്ലാസ്റ്റിക് ബണ്ടിംഗ് , പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചസ്.