മലയാളത്തെ ചേര്‍ത്തുപിടിക്കുമെന്ന ദൃഢനിശ്ചയം പങ്കിട്ട് ജില്ലാതല മലയാളദിനാചരണവും ഭരണഭാഷാ വാരാചരണവും സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി നടത്തിയ പരിപാടി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ മുഖത്തല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. നിത്യജീവിതത്തിലെന്നപോലെ ഔദ്യോഗികകാര്യങ്ങളിലും മലയാളം പിന്തുടരണം. അതു സാധ്യമാക്കുമ്പോഴും പ്രായോഗികതയ്ക്ക് ഇടം നല്‍കേണ്ടതുണ്ട്. മലയാളം ശീലമാക്കുന്നതിലൂടെ നാടിന്റെ ആത്മാവിന്റെ വീണ്ടെടുക്കലാണ് സാധ്യമാക്കാനാകുക എന്ന് ഉദ്ഘാടകന്‍ പറഞ്ഞു.

ഭരണഭാഷാപ്രയോഗത്തില്‍ മലയാളത്തിന്റെ സാന്നിധ്യം പരമാവധിയാക്കുകയാണ് ലക്ഷ്യമെന്ന് അധ്യക്ഷനായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് പറഞ്ഞു.
ഭാഷയെ സ്‌നേഹിച്ച് മലയാളത്തോടൊപ്പം നടക്കാന്‍ പുതുതലമുറ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മലയാളദിന സന്ദേശം നല്‍കിയ ഫാത്തിമ മാതാ നാഷനല്‍ കോളജ് മലയാളവിഭാഗം മേധാവി ഡോ പെട്രീഷ്യ ജോണ്‍ ഓര്‍മിപ്പിച്ചു. ഭാഷാദിന പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി ആര്‍ സാബു സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ ജി ആരോമല്‍ നന്ദിയും പറഞ്ഞു. കലക്‌ട്രേറ്റിലെ ജീവനക്കാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.