കേരളത്തിലെ ആറുപ്പത്തിനാലായിരത്തി അറുന്നുറോളം കുടുംബങ്ങൾ അതിദാരിദ്രരുടെ പട്ടികയിൽ വരുമെന്നും 2026 ഓടെ അതി ദാരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. വള്ളികുന്നം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച വലിയകുളം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ജലസ്രോതസ്സുകളെ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഹരിത കേരള മിഷന് തുടക്കം കുറിച്ചത്. വികസനവും ക്ഷേമ പ്രവർത്തനങ്ങളും ഒരുപോലെ കൊണ്ടുപോയി നവകേരളം സൃഷ്ടിക്കുകയാണ് സർക്കാർ. ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ കേരളത്തെ വികസിത രാജ്യങ്ങൾക്കൊപ്പം എത്തിക്കും. വലിയകുളം പരിസരത്ത് നടന്ന ചടങ്ങിൽ എം.എസ്. അരുൺകുമാർ എം. എൽ. എ അധ്യക്ഷത വഹിച്ചു.

വള്ളികുന്നം ഗ്രാമപഞ്ചായത്ത് ഭരണസമിതി 2022- 23 വാർഷിക പദ്ധതിയിൽ 27.45 ലക്ഷം രൂപ വിനിയോഗിച്ചാണ് കുളം നവീകരിച്ചത്. 74 മീറ്റർ നീളവും 35 മീറ്റർ വീതിയുമുള്ള വലിയകുളത്തിന്റെ തെക്കു ഭാഗത്തുള്ള ആൽമരത്തെ സംരക്ഷിച്ചുകൊണ്ട് ആൽത്തറ നിർമ്മിക്കുകയും തെക്കു പടിഞ്ഞാറ് ഭാഗങ്ങളിലായി ഇന്റർലോക്ക് ടൈൽ പാകുകയും ചെയ്തു. വലിയകുളത്തിന്റെ വടക്ക് കിഴക്കേ അതിർത്തിയിൽ വെള്ളം ഒഴുകുന്നതിനായി അഞ്ചു മീറ്റർ നീളത്തിൽ ഓടയും നിർമ്മിച്ചിട്ടുണ്ട്. നാലു ഭാഗത്തായി ബൗണ്ടറി വാൾ, ഷോ വാൾ എന്നിവയുമുണ്ട്.

അസിസ്റ്റന്റ് എൻജിനീയർ സനൂജ റിപ്പോർട്ട് അവതരിപ്പിച്ചു. വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. മോഹൻ കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. വി അഭിലാഷ് കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ മിനി പ്രഭാകരൻ, ജെ. രവീന്ദ്രനാഥ്, റൈഹാനത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ. വിജയൻ പിള്ള, ആർ. രാജി, ഉഷ പുഷ്ക്കരൻ, വിജയലക്ഷ്മി, ശങ്കരൻകുട്ടി നായർ, ബി. രാജലക്ഷ്മി, ഡി. രോഹിണി, പി. കോമളൻ, അർച്ചന പ്രകാശ്, തൃദീപ് കുമാർ, ഇന്ദു കൃഷ്ണ, കെ. ഗോപി, ജി. രാജീവ് കുമാർ, സി. ഡി. എസ് ചെയർപേഴ്സൺ ഷീജ സുരേഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ. എസ് സലിംകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. പി ബിജു, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.