സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും ശുദ്ധജലം എത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ചേര്‍ത്തല നഗരസഭയിലെ അമൃത് മിഷന്‍ 2.0 പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ സംസ്ഥാനത്തു 25 ശതമാനം പേര്‍ക്ക് മാത്രമായിരുന്നു കുടിവെള്ള കണക്ഷന്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നത് 52 ശതമാനത്തിലെത്തി. ബാക്കിയുള്ള മുഴുവന്‍ പേര്‍ക്കും രണ്ട് വര്‍ഷത്തിനുള്ളില്‍ കുടിവെള്ള കണക്ഷന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്.

തീരദേശ സംരക്ഷണത്തിനും വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അന്ധകാരനഴി പൊഴിയില്‍ മണല്‍ അടിയുന്നത് സംബന്ധിച്ച് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കുമെന്നും ചേര്‍ത്തല ഇരുമ്പുപാലം, സെന്റ് മേരീസ് പാലം എന്നിവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കും അടിയന്തര പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

കിഴക്കേനാല്‍പ്പത് എന്‍.എസ്.എസ് ഹാളില്‍ നടന്ന ചടങ്ങില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. പല പദ്ധതികളിലും കാലതാമസം ഉണ്ടാകുന്നതില്‍ ചെറിയൊരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട്. തടസ്സം സൃഷ്ടിക്കാതെ നിയമത്തിനും ചട്ടത്തിനും ഇടയില്‍ നിന്ന് ജനങ്ങളെ സേവിക്കേണ്ടവരാണ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞു.

എ.എം ആരിഫ് എംപി മുഖ്യാതിഥിയായി. അമൃത് മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എ.ഷീജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചേര്‍ത്തല നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍, വൈസ് ചെയര്‍മാന്‍ ടി.എസ് അജയകുമാര്‍, സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷരായ ശോഭ ജോഷി, ജി. രഞ്ജിത്ത്, മാധുരി സാബു, എ.എസ്. സാബു, ഏലിക്കുട്ടി ജോണ്‍, കൗണ്‍സിലര്‍മാരായ പി. ഉണ്ണികൃഷ്ണന്‍, ആശ മുകേഷ്, ബിന്ദു ഉണ്ണികൃഷ്ണന്‍, കേരള വാട്ടര്‍ അതോറിറ്റി അംഗം ആര്‍. സുഭാഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.