സംസ്ഥാനത്തെ ഏറ്റവും മികച്ച ശുചിത്വനഗരമായി തൊടുപുഴ നഗരം മാറുമെന്ന് നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മാലിന്യസംസ്‌കരണം, ശുചിത്വമേഖല എന്നിവയുമായി ബന്ധപ്പെട്ട കൗണ്‍സില്‍ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരപരിധിയില്‍ മാലിന്യം വലിച്ചെറിയാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ സിസിടിവി നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കുന്നതിനും നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ പ്ലാസ്റ്റിക് ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ഗാര്‍ഹികജൈവ മാലിന്യം സംസ്‌കരണോപാധികളായ ജി-ബിന്‍ ബൊക്കാഷി ബക്കറ്റ്, റിംഗ് കമ്പോസ്റ്റ് എന്നിവ വിതരണം തുടങ്ങിയിട്ടുണ്ട്. പാറക്കടവ് ഡംമ്പ് സൈറ്റ് ബയോ മൈനിങ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മാലിന്യം നീക്കം ചെയ്യുന്ന പ്രവര്‍ത്തനം ഉടനെ ആരംഭിക്കും.

മലിനജലം പൊതുസ്ഥലങ്ങളിലേക്കും ജലസ്രോതസ്സിലേക്കും ഒഴുക്കുന്നവര്‍ക്കെതിരേയും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ പിഴയും പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതുമാണ്. കൂടാതെ മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും യോഗത്തില്‍ അറിയിച്ചു. മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട കാമ്പയ്ന്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്തു.

ലോകബാങ്ക് സഹായത്തോടെ സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരളഖരമാലിന്യപരിപാലനപദ്ധതി മുഖേന 2.28 കോടി രൂപയുടെ പുതിയ പദ്ധതികള്‍ തൊടുപുഴ നഗരസഭ ഏറ്റെടുത്തിട്ടുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ടു അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി വിവരവിജ്ഞാനപരിപാടികള്‍ സംഘടിപ്പിക്കുന്നതടക്കമുള്ള പദ്ധതികള്‍, സിവില്‍ സ്റ്റേഷന്‍, പോലീസ് സ്റ്റേഷന്‍, കോലാനി ചേരി കോളനി എന്നിവടങ്ങളില്‍ തുമ്പൂര്‍മുഴി കമ്പോസ്‌റിങ് യൂണിറ്റുകള്‍ സ്ഥാപിക്കുക, കുട്ടികളില്‍ ചെറുപ്രായത്തില്‍ തന്നെ മാലിന്യസംസ്‌കരണത്തിന് അവബോധം വളര്‍ത്തുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

മാലിന്യം തരം തിരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ആവശ്യമായ ഉപാധികള്‍ അംഗന്‍വാടികള്‍, ലോവര്‍ പ്രൈമറി സ്‌കൂളുകള്‍ എന്നിവടങ്ങളിലേക്ക് നല്‍കുക, കൃത്യമായി ഖരമാലിന്യശേഖരണം ഉറപ്പുവരുത്തുന്നതിനായി ഹരിതകര്‍മ്മസേനക്ക് പുഷ്‌കാര്‍ട്ട്, ചെറു വാഹനങ്ങള്‍ എന്നിവ വാങ്ങിക്കുക, എല്ലാ വാര്‍ഡുകളിലും മിനി എംസിഎഫുകള്‍ സ്ഥാപിച്ചു ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക, മിനി എംസിഎഫുകളില്‍ മെയിന്‍ എംസിഎഫുകളിലേക്ക് അജൈവമാലിന്യങ്ങള്‍ കൊണ്ടുപോകുന്നതിനും റോഡ് സ്വീപ്പിംഗ് അടക്കമുള്ള ഖരമാലിന്യം നീക്കം ചെയ്യുന്നതിനായുള്ള വാഹനം വാങ്ങല്‍, പടിഞ്ഞാറേ മാര്‍ക്കറ്റിലെ നിലവിലുള്ള ബയോഗ്യാസ് പ്ലാന്റ് നവീകരിക്കുക, കാഞ്ഞിരമറ്റം ആര്‍ആര്‍എഫ് സെന്റിറിന്റെ വിപുലീകരണത്തിനാവശ്യമായ സാധന സാമഗ്രികള്‍ വാങ്ങിക്കുക, നഗരസഭ പരിധിയിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ഡയപ്പര്‍, നാപ്കിന്‍ ടിസ്‌ട്രോയര്‍ സ്ഥാപിക്കല്‍, നഗരസഭാ തലത്തില്‍ സാനിറ്ററിപാഡ്, ഡയപ്പര്‍, നാപ്കിന്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള ഡിസ്‌ട്രോയര്‍ സ്ഥാപിക്കല്‍ തുടങ്ങിയ പദ്ധതികളുടെ പ്രവര്‍ത്തനപുരോഗതി യോഗം വിലയിരുത്തുകയും ചെയ്തു. നഗരസഭ അംഗങ്ങള്‍, ജീവനക്കാര്‍, കെ എസ് ഡിബ്ലയു എം പി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.