മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി എൻ.എസ്.എസ് യൂനിറ്റുകളും ശുചിത്വമിഷനും സംയുക്തമായൊരുക്കുന്ന സ്നേഹാരമം പദ്ധതി ശ്രദ്ധേയമാകുന്നു. മാലിന്യമുക്തമാക്കപ്പെടുന്ന പ്രദേശം പൂന്തോട്ടമാക്കിമാറ്റുന്നതാണ് സ്‌നേഹാരാമം പദ്ധതി.
മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരേയും മാലിന്യങ്ങൾ സൃഷ്ടിക്കുന്നതിനെതിരേയും പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ കലാലയങ്ങളിലെ മറ്റ് വിദ്യാർഥി കൂട്ടായ്മകൾ, ത്രിതല പഞ്ചായത്ത് സമിതികൾ, കൂട്ടായ്മകൾ എന്നിവയുടെ ബഹുജന സഹകരണത്തോടെയാണ് സ്നേഹാരാമം പദ്ധതി പൂർത്തീകരിക്കുക.

ഓരോ എൻ.എസ്.എസ് യൂനിറ്റും പൊതുജനങ്ങൾ അലക്ഷ്യമായി മാലിന്യം നിക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു പ്രദേശമോ വൃത്തിഹീനമായി കിടക്കുന്ന പൊതുസ്ഥലമോ ഏറ്റെടുത്ത് പൊതുജന പങ്കാളിത്തത്തോടെ ശുചീകരിച്ച് ജനങ്ങൾക്കു ഉപയോഗപ്രദമാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നത്.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ചായിരിക്കും പ്രദേശം തീരുമാനിക്കുന്നത്. ഇങ്ങനെ കണ്ടെത്തുന്ന സ്ഥലത്തിന് സ്നേഹാരാമം എന്ന് നാമകരണം ചെയ്യും. ഹരിത കർമസേനയും തൊഴിലുറപ്പ് തൊഴിലാളികളും ശുചീകരണത്തിൽ പങ്കാളികളാകും. തുടർന്ന്  ഇവിടങ്ങളിൽ ശുചിത്വമിഷന്റെ ധനസഹായത്തോടെ സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി പൂന്തോട്ടം നിർമിക്കും.

പച്ചത്തുരുത്ത്, ചുമർചിത്രം, വെർട്ടിക്കൽ ഗാർഡൻ, പാർക്ക്, വിശ്രമ സംവിധാനം, ഇൻസ്റ്റലേഷൻ എന്നിങ്ങനെ വളണ്ടിയർമാരുടെ സർഗ്ഗാത്മകത വ്യക്തമാക്കുന്ന തരത്തിലായിരിക്കും പ്രദേശം സ്‌നേഹാരാമമായി മാറ്റിയെടുക്കുക. ഇരിപ്പിടങ്ങളും ചുവർ ചിത്രങ്ങളും ബോർഡുകളും സ്ഥാപിച്ച് മനോഹരമാക്കുകയും ചെയ്യും. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ എൻ.എസ്.എസ് യൂണിറ്റുകൾ കേരളത്തിലെ 3000 കേന്ദ്രങ്ങളിൽ സ്‌നേഹാരാമങ്ങൾ ഒരുക്കുന്നുണ്ട്. 3500 എൻ.എസ്.എസ് യൂണിറ്റുകളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

സ്നേഹാരാമം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യോഗം ചേർന്നു.
പദ്ധതി ഒരുക്കുന്നതിനുള്ള ലിസ്റ്റ് സമർപ്പിക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ രണ്ടു ദിവസത്തിനകം ശുചിത്വ മിഷൻ അയച്ചുനൽകിയ ഗൂഗിൾ ഫോം പൂരിപ്പിച്ച് തിരിച്ച് അയക്കാൻ നിർദേശിച്ചു. പത്തിനകം എല്ലാ പഞ്ചായത്ത്, നഗരസഭകളിലും അനുയോജ്യരായ നാഷനൽ സർവിസ് സ്‌കീം യൂനിറ്റുകളെ വിളിച്ച് വിപുലമായ സംഘാടക സമിതി യോഗം ചേരും. എൻ.എസ്.എസ് ഇല്ലാത്ത തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ തൊട്ടടുത്ത സ്ഥലങ്ങളിലെ എൻ.എസ്.എസ് യൂനിറ്റുകളെ ലഭിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തും.

യോഗത്തിൽ ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ രജിത്ത് അധ്യക്ഷത വഹിച്ചു. മാലിന്യ സംസ്‌കരണ പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർ പി.ബി ഷാജു മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ പൊതുഅവലോകനം നടത്തി. ശുചിത്വ മിഷൻ പ്രോഗ്രാം ഓഫിസർ ജ്യോതിഷ് വിഷയാവതരണം നടത്തി. തദ്ദേശ ഭരണ സ്ഥാപന ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, റിസോഴ്സ് പേഴ്സൺമാർ, എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.