അടവി കുട്ടവഞ്ചി സവാരിക്ക് എത്തുന്നവര്‍ക്ക് താമസസൗകര്യമൊരുക്കിപത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. സഞ്ചാരികള്‍ക്ക് തങ്ങുന്നതിനായി വിപുലമായ അടിസ്ഥാന സൗകര്യങ്ങളാണ് ഡിടിപിസി ഒരുക്കുന്നത്. മുള ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദപരമായ ഇരുനില വീടുകളാണ് പുതുതായി നിര്‍മിക്കുന്നതെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എസ്. അജയന്‍ പറഞ്ഞു. ഡിടിപിസിയുടെ ഫണ്ട് ഉപയോഗിച്ച് കൊണ്ട് 77 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് ബാംബു കോര്‍പ്പറേഷന്റെ ചുമതലയില്‍ ഒരു വര്‍ഷം മുമ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കല്ലാറ്റിലെ മുണ്ടോംമൂഴിയില്‍ നാല് വര്‍ഷം മുമ്പാണ് കുട്ടവഞ്ചി സവാരി ആരംഭിച്ചത്. പരിമിതമായ അടിസ്ഥാന സൗകര്യങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഡിടിപിസി കൂടുതല്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് തീരുമാനിച്ചത്. ഇരുനിലകളിലായി 3100 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടവും പ്രത്യേകമായി ശുചിമുറി ബ്ലോക്കും ടിക്കറ്റ് കൗണ്ടറുമാണ് നിര്‍മിക്കുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വനശ്രീ കഫേ, ഇക്കോ ഷോപ്പ്, സഞ്ചാരികള്‍ക്ക് വിശ്രമസ്ഥലം, ഓഫീസ്, സ്‌റ്റോര്‍ മുറി എന്നിവയും മുകളിലത്തെ നിലയില്‍ സഞ്ചാരികള്‍ക്കായി നാല് മുറികളടങ്ങുന്ന താമസസൗകര്യവുമാണ് ഒരുക്കുക. ഒപ്പം കുട്ടികള്‍ക്കായുള്ള പാര്‍ക്കും ഇവിടെ ഒരുക്കുന്നുണ്ട്. ഓരോ മുറികള്‍ക്കും ബാല്‍ക്കണികളും ഉണ്ടാകും. മുകളിലത്തെ നിലയില്‍ സുരക്ഷാജീവനക്കാര്‍ക്കുള്ള മുറിയും ലൈഫ് ജാക്കറ്റ് തുടങ്ങിയവ സൂക്ഷിക്കുന്നതിനുള്ള മുറികളുമാണ് തയ്യാറാക്കുന്നത്. അടുത്ത മാസത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കി അടവി ഇക്കോ ടൂറിസം മുഖം മിനുക്കി സഞ്ചാരികള്‍ക്കായി സജ്ജമാകും.
