* കേരള ജ്യോതി പുരസ്‌കാരം ടി പത്മനാഭന്

ഈ വർഷത്തെ കേരള ജ്യോതി പുരസ്‌കാരം കഥാകൃത്ത് ടി പത്മനാഭന്. കേരള പ്രഭ പുരസ്‌ക്കാരത്തിന് ജസ്റ്റിസ് (റിട്ട.) ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂർത്തി എന്നിവരും കേരള ശ്രീ പുരസ്‌കാരത്തിന് പുനലൂർ സോമരാജൻ ( സാമൂഹ്യ സേവനം), വി പി ഗംഗാധരൻ (ആരോഗ്യം), രവി ഡി സി (വ്യവസായ – വാണിജ്യം), കെ എം ചന്ദ്രശേഖരൻ (സിവിൽ സർവ്വീസ്), പണ്ഡിറ്റ് രമേശ് നാരായൺ (കല) എന്നിവരെയും തെരഞ്ഞെടുത്തു.

അടൂർ ഗോപാലകൃഷ്ണൻ, കെ ജയകുമാർ, ഡോ. ജോർജ് ഓണക്കൂർ എന്നിവരടങ്ങിയ അവാർഡ് സമിതിയാണ് പുരസ്‌കാര ജേതാക്കളെ തീരുമാനിച്ചത്. സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്‌കാരമാണ് കേരള പുരസ്‌കാരം.

* നെല്ല് സംഭരണത്തിനുള്ള നോഡൽ ഏജൻസിയായി സപ്ലൈകോ തുടരും

നെല്ല് സംഭരണത്തിനുള്ള നോഡൽ ഏജൻസിയായി തുടരാൻ സപ്ലൈകോയ്ക്ക് മന്ത്രിസഭായോഗം അനുമതി നൽകി. സപ്ലൈകോയ്ക്ക് അധിക ധനസഹായം നൽകുന്നതിന് കേരളാ ബാങ്കിനുള്ള പരിമിതി കണക്കിലെടുത്ത് ഇതിൽ പുനക്രമീകരണം ഉണ്ടാവുന്നത് വരെ സപ്ലൈകോയും ബാങ്കുകളുടെ കൺസോർഷ്യവും തമ്മിലുള്ള സാമ്പത്തിക ക്രമീകരണം തുടരും.

കർഷകരിൽ നിന്നും സംഭരിച്ച നെല്ലിൻറെ പണം വിതരണം ചെയ്യാനും നെല്ല് സംഭരണത്തിന്റെ ക്ലെയിം ഉന്നയിക്കാനും അതിനെത്തുടർന്നുള്ള സംസ്‌കരണത്തിനും മുൻവർഷങ്ങളിൽ ചെയ്ത പോലെ പൊതുവിതരണ സംവിധാനത്തിലേക്ക് അരി വിതരണം ചെയ്യുന്നതിനും സപ്ലൈകോയെ തുടർന്നും അനുവദിക്കും.

കർഷകർക്കുള്ള പേയ്‌മെൻറ് തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സപ്ലൈകോ ശ്രദ്ധിക്കണം. സംഭരിച്ച നെല്ലിന് കർഷകർക്ക് പിആർഎസ് വായ്പ വഴി പണം നൽകും.

കൺസോർഷ്യം ബാങ്കുകളിൽ നിലവിലുള്ള പി ആർ എസ് വായ്പ്പകൾ അടയ്ക്കുന്നതിന് സർക്കാരിൽ നിന്നും സപ്ലൈകോയ്ക്ക് ലഭിക്കാനുള്ള 200 കോടി ഉപയോഗിക്കാനും മന്ത്രിസഭായോഗം അനുമതി നൽകി.

നെല്ല് സംഭരണത്തിനായി സംസ്ഥാന – കേന്ദ്ര സർക്കാരുകളിൽ നിന്ന് ലഭ്യമാകുന്ന ഫണ്ട് നിലവിലുള്ള പിആർഎസ് വായ്പകൾ അടയ്ക്കുന്നതിനും പുതിയവ എടുക്കുന്നതിനുമായി ഉപയോഗിക്കും. കർഷകർക്കുള്ള പണം സമയബന്ധിതമായി വിതരണം ചെയ്യുന്നുവെന്ന് സപ്ലൈകോ ഉറപ്പുവരുത്തേണ്ടതാണ്. ഈ കാര്യങ്ങൾ സമയബന്ധിതമായി നടക്കുവെന്ന് ഉറപ്പ് വരുത്താൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തും.

കർഷകരിൽ നിന്നും ബാങ്കിൽ നിന്നും പൂർണമായി പിന്തുണയും സഹകരണവും ഉറപ്പാക്കുന്നതിനും സപ്ലൈകോ എല്ലാ പങ്കാളികളുമായി കൃത്യമായ ഇടവേളകളിൽ യോഗങ്ങൾ നടത്തേണ്ടതും സ്ഥിതിഗതികൾ അവലോകനം ചെയ്യേണ്ടതുമാണ്.

സപ്ലൈകോയിൽ നെല്ലുസംഭരണം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ എല്ലാ ഡെപ്യൂട്ടേഷൻ ഒഴിവുകളും സമയബന്ധിതമായി നികത്താൻ കൃഷി വകുപ്പിന് നിർദേശം നൽകും.

* പങ്കാളിത്ത പെൻഷൻ പദ്ധതി വിശദ പരിശോധനയ്ക്ക് സമിതി

പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധന സമിതി റിപ്പോർട്ടിലെ ശിപാർശകൾ വിശദമായ പരിശോധന നടത്തുന്നതിന് സമിതി രൂപീകരിച്ചു. ധന,നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉൾപ്പെടുന്നതാണ് സമിതി. കാലതാമസമില്ലാതെ സമിതി തീരുമാനമെടുക്കണമെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു.

01.04.2013ന് ശേഷം സേവനത്തിൽ പ്രവേശിക്കുന്നവർക്കാണ് സംസ്ഥാന സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി ഏർപ്പെടുത്തിയത്. പദ്ധതി പുനപരിശോധിക്കുന്നതിന് സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ഇവർ സമർപ്പിച്ച റിപ്പോർട്ട് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. വിശദമായ പരിശോധന ആവശ്യമായ സാഹചര്യത്തിലാണ് പ്രത്യേക സമിതി രൂപീകരിച്ചത്.

* ഓഹരി മൂലധനം വർധിപ്പിക്കും

ട്രാവൻകൂർ, ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡിന് സർക്കാർ നൽകിയ വായ്പയും പലിശയും ഓഹരിയാക്കി മാറ്റാൻ മന്ത്രിസഭായോഗം അനുമതി നൽകി. അംഗീകൃത ഓഹരി മൂലധനം 50 കോടി രൂപയിൽ നിന്ന് 100 കോടി രൂപയാക്കി വർധിപ്പിക്കുന്നതിനുള്ള ശിപാർശ ?അംഗീകരിച്ചു.

* പുതിയ പിഎസ് സി അംഗം

പബ്ലിക് സർവ്വീസ് കമ്മീഷനിൽ നിലവിലുള്ള ഒഴിവിലേക്ക് തൃശ്ശൂർ അന്നമനട സ്വദേശി അഡ്വ. സി ബി സ്വാമിനാഥനെ പരിഗണിച്ച് ഗവർണർക്ക് ശിപാർശ ചെയ്യാൻ തീരുമാനിച്ചു.