മാതൃഭാഷയായ മലയാളം കേരളീയ സംസ്‌കാരത്തിന്റെ അടിസ്ഥാന ശിലയാണെന്നും മലയാളഭാഷ ഉൾപ്പെടെയുള്ള മാതൃഭാഷകളെ അരികുവത്കരിച്ച് ഒരു രാജ്യം ഒരു ഭാഷ എന്ന തരത്തിലുള്ള മുദ്രാവാക്യം ഉയർത്തുമ്പോൾ അതു രാജ്യത്തിന്റെ സംസ്‌കാരത്തിനും ചരിത്രത്തിനും വിരുദ്ധമാണെന്നു പറയാൻ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര ഔദ്യോഗിക ഭാഷാ വകുപ്പിന്റയും വിവര പൊതുജന സമ്പർക്ക വകുപ്പിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മലയാള ദിനാഘോഷ, ഭരണഭാഷാ വാരാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

            ഭാഷയെന്നതു കേവലം ആശയ വിനിമയോപാധി മാത്രമല്ലെന്നും സാംസ്‌കാരികവും രാഷ്ട്രീയവുമായ മാനങ്ങൾകൂടി അതിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനാപരമായി ഇന്ത്യൻ യൂണിയന്റെ ഔദ്യോഗിക ഭാഷകളിൽ ഉൾപ്പെടുത്തപ്പെട്ട ഒന്നിനെ പ്രത്യേകമായി പരിഗണിക്കുകയും മറ്റു ഭാഷകളെയെല്ലാം അവഗണിക്കുകയും ചെയ്യുന്ന സമീപനം കണ്ടുവരുന്നുണ്ട്. ഇത്തരമൊരു സവിശേഷ ഘട്ടത്തിൽ മാതൃഭാഷയെ സ്നേഹിക്കുന്നവർ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

            കേരളത്തെ മലയാളികളുടെ മാതൃഭൂമിയായി അവതരിപ്പിച്ച ഇ.എം.എസ് ആയിരുന്നു സംസ്ഥാനം രൂപംകൊണ്ടശേഷം രൂപീകരിക്കപ്പെട്ട ആദ്യ സർക്കാരിനു നേതൃത്വം നൽകിയ മുഖ്യമന്ത്രി. ആ സർക്കാരിനു മാതൃഭാഷാ പരിപോഷണത്തെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. 1967ൽ ഔദ്യോഗിക ഭാഷാ നിയമം കൊണ്ടുവന്നതും ഇ.എം.എസ്. സർക്കാരാണ്. അതിനു ശേഷം വന്ന പുരോഗമന സർക്കാരുകളെല്ലാം മാതൃഭാഷാ പരിപോഷണത്തിനുള്ള കൃത്യമായ നടപടികൾ സ്വീകരിച്ചിരുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

            ഇത്തവണത്തെ എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് ഡോ. എസ്.കെ. വസന്തനെ ചടങ്ങിൽ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ പ്രസിദ്ധീകരണമായ സമകാലിക മലയാളത്തിന്റെ ഭരണഭാഷാ പതിപ്പിന്റെ പ്രകാശനവും മുഖ്യമന്ത്രി ചടങ്ങിൽ നിർവഹിച്ചു. ഈ വർഷത്തെ ഭരണഭാഷാ പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.

            ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കു. മുൻ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാർ മുഖ്യാതിഥിയായിരുന്നു. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. ജയതിലക്, വിവര പൊതുജന സമ്പർക്ക വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ് എന്നിവരും പങ്കെടുത്തു.