വിദ്യാർഥികളെ വോട്ടിങ് പ്രക്രിയ പരിചയപ്പെടുത്താനും പോളിംഗ് ബൂത്തിലേക്ക് പോകുന്ന പുതിയ വോട്ടർമാർക്ക് ആശയക്കുഴപ്പമില്ലാതെ വോട്ട് രേഖപ്പെടുത്താനും ജില്ലയിൽ രൂപകൽപ്പന ചെയ്ത വോട്ടർ ബോധവൽക്കരണ ഗെയിം ‘ലെറ്റ്സ് വോട്ട്’ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു.കേൽകർ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സബ് കലക്ടർ കാർത്തിക് പാണിഗ്രഹിയുടെ നേതൃത്വത്തിൽ തലശ്ശേരി എൻജിനിയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗവുമായി സഹകരിച്ചാണ് വെർച്വൽ ഇലക്ഷൻ ഗെയിം തയ്യാറാക്കിയത്. ഇലക്ഷൻ നടപടി ക്രമങ്ങളിലേക്ക് യുവതലമുറയെ ആകർഷിക്കുന്നതിന് ഇത്തരം ഗെയിമുകൾ സഹായിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

            വോട്ടിങ് പ്രക്രിയയിൽ നടക്കുന്ന എല്ലാ ഘട്ടങ്ങളും ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ ഗെയിം വിനോദം മാത്രമല്ല രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പൂർണ്ണ വിവരങ്ങളും നൽകും. ജനാധിപത്യ പ്രക്രിയയിൽ യുവതലമുറയെ ആകർഷിക്കുക, അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഗെയിം തയ്യാറാക്കിയതെന്ന് തലശ്ശേരി എൻജിനിറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. എബി ഡേവിഡ് അറിയിച്ചു.

            കലക്ടറേറ്റ് കോൺഫെറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ അധ്യക്ഷനായി. തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രഹി മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ വിദ്യാർത്ഥികളം സന്നിഹിതരായിരുന്നു.