കേരളീയം 2023 ന്റെ ഭാഗമായി ‘കേരള മെനു: അണ്‍ലിമിറ്റഡ്’ എന്ന ബാനറില്‍  കേരളത്തിലെ 10 വിഭവങ്ങളെ ബ്രാന്‍ഡ് ചെയ്യുന്നതിന്റെ ഉദ്ഘാടനം സൂര്യകാന്തിയിലെ ഭക്ഷ്യ സ്റ്റാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. രാമശ്ശേരി ഇഢലി, പൊറോട്ടയും ബീഫും, ബോളിയും പായസവും, കപ്പയും മീന്‍കറിയും, കുട്ടനാടന്‍ കരിമീന്‍ പൊള്ളിച്ചത്, തലശ്ശേരി ബിരിയാണി, മുളയരി പായസം, വനസുന്ദരി ചിക്കന്‍, പുട്ടും കടലയും, കര്‍ക്കടക കഞ്ഞി എന്നിവയാണ്  കേരളം ആഗോള തീന്മേശയിലേക്ക് ബ്രാന്റുകളായി അവതരിപ്പിക്കുക.

കേരളത്തിന്റെ സുഭിക്ഷമായ ഭക്ഷണ പാരമ്പര്യത്തെ, മലയാളിയുടെ ആതിഥ്യ മര്യാദയെ ഈ കേരളീയത്തോടെ ഒരു ബ്രാന്‍ഡായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍, ഭക്ഷ്യ മേള ചെയര്‍മാന്‍ എ.എ റഹീം എംപി, ഒ.എസ് അംബിക എംഎല്‍എ, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. അനാച്ഛാദന ചടങ്ങിനു ശേഷം സൂര്യകാന്തിയിലെ എല്ലാ ഫുഡ് സ്റ്റാളുകളും സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രിമടങ്ങിയത്.