കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ മുഖപത്രമായ ഗ്രന്ഥാലോകം മാസികയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഇന്ന് വൈകിട്ട് 3.30ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷയാകുന്ന ചടങ്ങിന് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി.കുഞ്ഞികൃഷ്ണൻ സ്വാഗതം ആശംസിക്കും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു റിപ്പോർട്ട് അവതരിപ്പിക്കും.
ഗ്രന്ഥാലോകം മുൻ പത്രാധിപന്മാരെ ആദരിക്കലും ഗ്രന്ഥാലോകം പുരസ്‌കാര വിതരണവും മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. മുൻ പത്രാധിപന്മാരായ പിരപ്പൻകോട് മുരളി, ജോർജ് ഓണക്കൂർ, ഡോ. കെ.വി.കുഞ്ഞികൃഷ്ണൻ എന്നിവർക്കാണ് ആദരവ് നൽകുന്നത്. എം.പി.മാരായ ശശി തരൂർ, ബിനോയ് വിശ്വം എന്നിവർ മുഖ്യാതിഥികളാകും. സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് പി.കെ. ഹരികുമാർ, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗവുമായ പി.കെ.ഗോപൻ, ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എ.പി.ജയൻ, ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം തങ്കം ടീച്ചർ, തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.പി.മുരളി എന്നിവർ പങ്കെടുക്കും. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലിറ്റീഷ്യ ഫ്രാൻസിസ് നന്ദി രേഖപ്പെടുത്തും.
തുടർന്ന് രാവിലെ 11ന് ആരംഭിക്കുന്ന മാധ്യമ സെമിനാർ പ്രമുഖ മാധ്യമ പ്രവർത്തകൻ ആർ.രാജഗോപാൽ ഉദ്ഘാടനം ചെയ്യും. ജോൺ ബ്രിട്ടാസ് എം.പി. അധ്യക്ഷനാകും. ഒരു വർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി ആലപ്പുഴയിൽ ലിറ്റററി ഫെസ്റ്റും കോഴിക്കോട് ദേശീയ സാഹിത്യോത്സവവും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്നുണ്ട്.