അടുത്ത രണ്ടു വർഷം കൊണ്ട് ചെങ്ങന്നൂരിലെ എല്ലാ സ്‌കൂളുകളിലും സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുമെന്ന് ഫിഷറീസ്- സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രത്തിന്റെയും ജെൻഡർ ഫ്രണ്ട്‌ലി ടോയ്ലറ്റിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പെൺകുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നതാണ് സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഐ.എച്ച്.ആർ.ഡി. കോളേജിൽ പുതിയ കെട്ടിടം നിർമിക്കുന്നതിനായി ഈ വർഷം ഒരു കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. കാടൻമാവ് കാത്തിരുപ്പ് കേന്ദ്രം, ആല ഗവ. എച്ച്. എസ്.എസിലെ ശുചിമുറി, മുളക്കുഴ ഗവ.എച്ച്.എസ്.എസിലെ ശുചിമുറി, അങ്ങാടിക്കൽ തെക്ക് ഗവ.യു.പി.എസിലെ ശുചിമുറി, തിരുവൻവണ്ടൂർ ഗവ. എച്ച്.എസ്.എസിലെ ശുചിമുറി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാ രാജീവ്, പഞ്ചായത്തംഗം സുനിത ഗോപൻ, കോളേജ് പ്രിൻസിപ്പാൾ ഡോ.ജി ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.