മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കൊച്ചി മണ്ഡലം നവ കേരള സദസ്സിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കൊച്ചി മണ്ഡല സദസിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രത്തിൽ ആദ്യമായി മന്ത്രിസഭ ജനങ്ങളിലേക്കെത്തുന്ന നവകേരള സദസ്സ് രാഷ്ട്രീയത്തിന് അതീതമായി സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയാണ്. എല്ലാ വിഭാഗം ജനങ്ങളും പരിപാടിയുടെ ഭാഗമാകണം. നവംബർ 25, 26, 27 തീയതികളിൽ മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത് എല്ലാ വീടുകളിലും എത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

എല്ലാ സർക്കാർ ഓഫീസുകൾക്ക് മുന്നിലും റേഷൻ കടകൾക്ക് മുന്നിലും നവ കേരള സദസിന്റെ ബോർഡുകൾ സ്ഥാപിക്കണം. ഹരിത കർമ്മ സേന, അങ്കണവാടി ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ മണ്ഡല സദസ്സിന്റെ ഭാഗമായി ചേർന്നു പ്രവർത്തിക്കണം.

റെസിഡന്റ്സ് അസോസിയേഷനുകൾ, സാമുദായിക സംഘടനകൾ, ക്ലബുകൾ, സാംസ്കാരിക സംഘടനകൾ, ലൈബ്രറികൾ, മഹിളാ സംഘടനകൾ, കർഷക സംഘങ്ങൾ, വ്യാപാരി വ്യവസായി സമിതികൾ, വിദ്യാർഥികൾ, യുവജന സംഘടനകൾ, സ്കൂൾ കോളജ് പിടിഎകൾ തുടങ്ങി എല്ലാ സംഘടനകളെയും മണ്ഡല സദസ്സിൽ പങ്കാളികളാക്കണമെന്നും മന്ത്രി പറഞ്ഞു.

ഡിസംബർ എട്ടിന് ഫോർട്ട്കൊച്ചി വെളി ഗ്രൗണ്ടിലാണ് കൊച്ചി മണ്ഡലം നവ കേരള സദസ്സ് സംഘടിപ്പിക്കുന്നത്. പരാതികൾ സ്വീകരിക്കാൻ സ്ത്രീകൾ, പുരുഷന്മാർ, ഭിന്നശേഷിക്കാർ, പ്രായമായവർ എന്നിക്കർക്കായി പ്രത്യേകം പ്രത്യേകം കൗണ്ടറുകൾ ഒരുക്കും.

മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പ്രാദേശിക തലത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബൂത്ത്‌ ലെവൽ കമ്മിറ്റികൾ, കുടുംബയോഗം, നാട്ടുക്കൂട്ട സദസ്സുകൾ, വീട്ടുമുറ്റ സദസ്സുകൾ എന്നിവ നടക്കുന്നുണ്ട്. മണ്ഡല സദസിന്റെ ഭാഗമായി രൂപീകരിച്ച എല്ലാ സബ് കമ്മിറ്റികളും യോഗങ്ങൾ ചേർന്നു പ്രവർത്തനങ്ങൾ വിലയിരുത്തുണ്ട്.

ഫോർട്ട് കൊച്ചി കൊച്ചിൻ ക്ലബ്ബിൽ നടന്ന അവലോകന യോഗത്തിൽ കെ.ജെ മാക്സി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷ്, ഡെപ്യൂട്ടി മേയർ കെ.എ അൻസിയ, ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി പ്രസാദ്, കൊച്ചി തഹസിൽദാർ സുനിത ജേക്കബ്, കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി എം.എം ഫ്രാൻസിസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ, നവ കേരള സദസ്സ് സബ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.