ലോക പ്രമേഹദിനാചരണത്തോടാനുബന്ധിച്ച് ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഇരട്ടയാര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച കൂട്ടനടത്തത്തോടെ ആരംഭിച്ചപരിപാടികളുടെ ഔപചാരികഉദ്ഘാടനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം റ്റി മനോജ് നിര്‍വഹിച്ചു. ഇരട്ടയാര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച കൂട്ടനടത്തം കട്ടപ്പന ഡിവൈ. എസ്.പി വി.എ. നിഷാദ് മോന്‍ ഫ്ലാഗ് ഓഫ് ചെയ്തു.

ഇരട്ടയാര്‍ സെന്റ് തോമസ് പാരീഷ് ഹാളില്‍ വച്ച് നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി അധ്യക്ഷത വഹിച്ചു. ആരോഗ്യവിഭാഗം ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ മനോജ് പ്രമേഹദിനസന്ദേശം നല്‍കി. ഡെപ്യൂട്ടി ഡിഎംഒ സുരേഷ് വര്‍ഗീസ് എസ് മുഖ്യപ്രഭാഷണം നടത്തി. എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ കെ അനുപ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസും ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തും ചെമ്പകപ്പാറ പ്രാഥമികാരോഗ്യകേന്ദ്രവും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ‘പ്രമേഹരോഗികളുടെ ഭക്ഷണരീതി’ എന്ന വിഷയത്തില്‍ ഡയറ്റീഷ്യന്‍ അഞ്ചു സാറ ജെയിംസ്, ‘പ്രമേഹരോഗികളുടെ ആരോഗ്യം’ എന്ന വിഷയത്തില്‍ ചെമ്പകപ്പാറ പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാഹിന്‍ എസ് എന്നിവര്‍ നയിച്ച ബോധവല്‍ക്കരണ ക്ലാസ്സ് നടന്നു.

യോഗ പരിശീലകന്‍ അനില്‍ എം എസിന്റെ നേതൃത്വത്തില്‍ പരിശീലനക്ലാസ്, സൗജന്യപ്രമേഹം – കൊളസ്ട്രോള്‍ പരിശോധനകള്‍, രോഗികളുടെ കാലുകള്‍, കണ്ണുകള്‍, ഹൃദയം എന്നിവയുടെ ശാസ്ത്രീയ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധന, ശരീരത്തിലെ അസ്ഥികളുടെ ബലക്ഷയം നിര്‍ണയിക്കല്‍, കുറഞ്ഞ നിരക്കില്‍ തൈറോയ്ഡ് പരിശോധന എന്നിവയും സംഘടിപ്പിച്ചു.

ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി മാത്യു, ത്രിതലപഞ്ചായത്ത് അംഗങ്ങളായ ലാലച്ചന്‍ വള്ളക്കട, ജോസുകുട്ടി കണ്ണുമുണ്ടയില്‍,രജനി സജി, ജെയ്‌നമ്മ ബേബി, ബിന്‍സി ജോണി, റെജി ഇലിപുലിക്കാട്ട്, ജിന്‍സണ്‍ വര്‍ക്കി, ജോസുകുട്ടി അരിപ്പറമ്പില്‍, ജോസ് തച്ചാപ്പറമ്പില്‍, ആനന്ദ് വിളയില്‍, സോണിയ മാത്യു, പഞ്ചായത്ത് സെക്രട്ടറി എന്‍ ആര്‍ ശിവദാസ്, ചെമ്പകപ്പാറ പിഎച്ച്സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആന്‍സി വര്‍ക്കി, ജെയ്സണ്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.