മാലിന്യമുക്തം നവകേരളം കാമ്പയ്നിന്റെ ഭാഗമായി ശിശുദിനത്തോടനുബന്ധിച്ച് തൊടുപുഴ നഗരസഭയില്‍ കുട്ടികളുടെ നേതൃത്വത്തില്‍ ഹരിതസഭ സംഘടിപ്പിച്ചു. തൊടുപുഴ നഗരസഭ ടൗണ്‍ഹാളില്‍ നടന്ന പരിപാടി ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ഹരിതസഭ വിളംബരറാലി നഗരസഭ ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം എ കരീം ഫ്ലാഗ് ഓഫ് ചെയ്തു. നഗരപരിധിയിലെ 16 സ്‌കൂളുകളില്‍ നിന്നും 187 കുട്ടികളും അല്‍ അസര്‍ കോളേജിലെ 27 പാരാമെഡിക്കല്‍ വിദ്യാര്‍ഥികളും സഭയില്‍ പങ്കെടുത്തു.

തൊടുപുഴ നഗരപ്രദേശങ്ങളിലെ മാലിന്യസംസ്‌കരണത്തിന്റെ നിലവിലെ അവസ്ഥ, മാലിന്യക്കൂനകള്‍, മാലിന്യങ്ങള്‍ വലിച്ചെറിയല്‍, കത്തിക്കല്‍, ജലാശയങ്ങളുടെ മലിനീകരണം, ഒറ്റ തവണ ഉപയോഗമുള്ള നിരോധിതപ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗം, വില്‍പ്പന തുടങ്ങിയ നിയമലംഘനങ്ങള്‍ സംബന്ധിച്ചു വിദ്യാര്‍ഥികള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏറ്റവും മികച്ച ഹരിതസഭ റിപ്പോര്‍ട്ട് സമര്‍പ്പിച്ച മുതലക്കോടം എസ് എച്ച് ഗേള്‍സ് ഹൈസ്‌കൂളിന് നഗരസഭ ചെയര്‍മാന്‍ പുരസ്‌കാരം നല്‍കി.തൊടുപുഴ നഗരസഭയില്‍ കേന്ദ്രീകൃതമാലിന്യസംസ്‌കരണപ്ലാന്റുകള്‍ അടിയന്തരമായി സ്ഥാപിക്കണം, മഴയ്ക്ക് മുന്‍പേ ഓടകളിലെ മാലിന്യം നീക്കണം, ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന ആള്‍ക്കാര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ യഥാസമയം അവ മാറ്റേണ്ടതാണെന്നും അല്ലാത്തവര്‍ക്കെതിരെ നഗരസഭ നിയമനടപടികള്‍ സ്വീകരിക്കണമെന്നും വിദ്യാര്‍ഥികള്‍ സഭയില്‍ നിര്‍ദേശിച്ചു.

തൊടുപുഴയാറിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വ്യാപാരസ്ഥാപനങ്ങളിലെയും മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ നഗരസഭ പരിശോധന നടത്തി ഉറപ്പുവരുത്തേണ്ടതാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. വൈസ് ചെയര്‍പേഴ്സണ്‍ ജെസി ജോണി, കൗണ്‍സില്‍ അംഗങ്ങള്‍, നഗരസഭാ സെക്രട്ടറി ബിജുമോന്‍ ജേക്കബ്, മാലിന്യമുക്തം നവകേരളം നോഡല്‍ ഓഫീസര്‍ ബിജോ മാത്യു, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ മീരാന്‍ കുഞ്ഞ്, നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍, കെഎസ്ഡബ്ല്യുഎംപി പ്രതിനിധികള്‍, നഗരസഭാ ജീവനക്കാര്‍, വിവിധ സ്‌കൂളിലെ അധ്യാപകപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.