അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കല്‍പ്പറ്റ നഗരസഭ പരിധിയിലെ മരവയലിലെ ജില്ലാ സ്റ്റേഡിയം നിര്‍മ്മാണം പുനരാരംഭിച്ചു. കല്ലും മണലും അടക്കമുള്ള നിര്‍മ്മാണ സാമഗ്രികള്‍ ലഭ്യമാക്കാന്‍ ഇടപെടുമെന്ന ജില്ലാഭരണകൂടത്തിന്റെ ഉറപ്പിലാണ് കരാറുകാരന്‍ പ്രവര്‍ത്തികള്‍ വീണ്ടും ആരംഭിച്ചത്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ അടിത്തറ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലികളാണ് നിലവില്‍ നടക്കുന്നത്. പ്രവര്‍ത്തി ഏറ്റെടുത്ത സര്‍ക്കാര്‍ എജന്‍സിയായ കിറ്റ്കോ (കേരള ഇന്‍ഡ്സ്ട്രിയല്‍ ആന്‍ഡ് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷന്‍) നിര്‍മ്മാണ കരാര്‍ നല്‍കിയിരിക്കുന്നത് പെരുമ്പാവൂര്‍ സ്വദേശിക്കാണ്. ജൂലൈയില്‍ പ്രവൃത്തി ഉദ്ഘാടനം നടത്തി നിര്‍മ്മാണം തുടങ്ങിയിരുന്നെങ്കിലും ഇതര ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും സാമഗ്രികള്‍ കൊണ്ടുവന്നു പ്രവൃത്തി നടത്തുന്നതു നഷ്ടമാണെന്നു ചൂണ്ടിക്കാട്ടി കരാറുകാരന്‍ പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) മുഖേനയാണ് തുക വകയിരുത്തിയത്. 13 കോടി രൂപയാണ് ആദ്യഘട്ടം പ്രവൃത്തികളുടെ അടങ്കല്‍. വി.ഐ.പി. ലോഞ്ച്, 9,400 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഹോസ്റ്റല്‍ കെട്ടിടം, പൊതുശൗച്യാലയം, ജലവിതരണ സംവിധാനം, വൈദ്യുതീകരണം, മഴവെള്ള സംഭരണി, 9,500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടു നിലകളിലുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ചുറ്റുമതില്‍, ഡ്രെയിനേജ്, സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്ബോള്‍ ഗ്രൗണ്ട് എന്നിവയാണ് പ്രഥമഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികള്‍.
പ്ലാന്ററും സാമൂഹികപ്രവര്‍ത്തകനും കായികപ്രേമിയുമായ എം.ജെ. വിജയപത്മന്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനു കൈമാറിയ 7.88 ഏക്കറിലാണ് ജില്ലാ സ്റ്റേഡിയം പണിയുന്നത്. വിജയപത്മന്റെ പിതാവും മുന്‍ എംപിയുമായ പരേതനായ എം.കെ ജിനചന്ദ്രന്റെ പേരിലാണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. 1998ല്‍ ഭൂമി ലഭിച്ചുവെങ്കിലും 2009-10 ലെ സംസ്ഥാന ബജറ്റിലാണ് സ്റ്റേഡിയം നിര്‍മ്മാണത്തിനു ആദ്യമായി തുക വകയിരുത്തിയത്. ഇതിനു പിന്നാലെ പൊതുമരാമത്ത് വകുപ്പ് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി. 2010 ഏപ്രില്‍ 28-ന് അന്നത്തെ സ്പോര്‍ട്സ് മന്ത്രി എം. വിജയകുമാര്‍ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കേരള പൊലിസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനായിരുന്നു ചുമതല. എന്നാല്‍ പിന്നീട് ഫണ്ടിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് കോര്‍പറേഷന്‍ കരാര്‍ ഉപേക്ഷിച്ചു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് സ്റ്റേഡിയം നിര്‍മ്മാണത്തിനു ജീവന്‍വച്ചത്.
