കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 2023 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 4 വരെ എന്‍ എസ് വി പക്ഷാചരണമായി ആചരിക്കും. പുരുഷന്‍മാര്‍ക്കുള്ള ലളിതവും ഫല പ്രദവുമായ കുടുംബാസൂത്രണ മാര്‍ഗമാണ് എന്‍ എസ് വി അഥവാ നോസ്‌കാല്‍പ്പല്‍ വാസക്ടമി (NO-SCALPEL VASECTOMY). സ്ത്രീകള്‍ക്കായുള്ള വന്ധ്യംകരണ ശസ്ത്രക്രിയകളേക്കാള്‍ ലളിതവും വേദനരഹിതവുമാണ്. എന്‍ എസ് വി പക്ഷാചരണത്തിന്റെ ഭാഗമായി നവംബര്‍ 25 ശനിയാഴ്ച കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ വച്ച് എന്‍ എസ് വി ക്യാമ്പ് നടത്തുന്നതാണ്.

എന്‍.എസ് വിയുടെ നേട്ടങ്ങള്‍

• എന്‍ എസ് വി സ്ത്രീകള്‍ക്കുള്ള കുടുംബക്ഷേമ മാര്‍ഗങ്ങളെക്കാള്‍ സങ്കീര്‍ണ്ണത കുറവും, വിജയ സാദ്ധ്യത കൂടുതലും, അണുബാധയുണ്ടാകുന്നതിനുള്ള സാദ്ധ്യത കുറവുമാണ്.
• നൊ-സ്‌കാല്‍പെല്‍ വാസക്ടമി തികച്ചും സുരക്ഷിതവും ലളിതവും വേദനയോ രക്തസ്രാവമോ മുറിവോ ഇല്ലാത്തതുമാണ്. ഇതില്‍  സൂചിയോ, കത്തിയോ തുന്നലോ ഉപയോഗിക്കേണ്ടി വരുന്നില്ല
• ചുരുങ്ങിയ സമയം കൊണ്ട് ചെയ്യാവുന്നതും വന്ധ്യംകരണം കഴിഞ്ഞ അരമണിക്കൂറിനുള്ളില്‍ വീട്ടിലേക്കു നടന്നു പോകാവുന്നതുമാണ്
• വന്ധ്യംകരണത്തിന് മുമ്പ് മരുന്നുകളുടെ ആവശ്യമില്ല
• ഭക്ഷണം കഴിക്കാവുന്നതാണ്
• ലിംഗത്തിന് യാതൊരു വിധ തകരാറും സംഭവിക്കുന്നില്ല
• വൃഷണത്തില്‍ സാധാരണപോലെ ബീജോല്പാദനം നടക്കുന്നുവെങ്കിലും അത്  ഗര്‍ഭധാരണം ഉണ്ടാക്കുന്നില്ല.
• പുരുഷ ഹോര്‍മോണിന്റെ ഉല്പാദനത്തിനോ അളവിനോ മാറ്റം സംഭവിക്കുന്നില്ല
•       ലിംഗോദ്ധാരണത്തിനോ ശുക്ലത്തിനോ മാറ്റം സംഭവിക്കുന്നില്ല
•      ലൈംഗികബന്ധത്തിനു യാതൊരു വിധ  തടസവുമുണ്ടാകുന്നില്ല

ആര്‍ക്കൊക്കെ എന്‍ എസ് വി സ്വീകരിക്കാം
നോ-സ്‌കാല്‍പെല്‍ വാസക്ടമി ചെയ്യുവാന്‍ പാടില്ലാത്ത സാഹചര്യങ്ങള്‍ ഒന്നും തന്നെ ഇല്ല. എന്നാല്‍ പുരുഷ വന്ധ്യംകരണം നീട്ടിവയ്ക്കുവാന്‍ ലോകാരോഗ്യ സംഘടന നല്‍കിയിട്ടുള്ള  മാനദണ്ഡങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
• വൃഷ്ണങ്ങളിലോ തൊലിപ്പുറത്തോ അണുബാധ ഉണ്ടെങ്കില്‍
• ലൈംഗിക രോഗങ്ങള്‍ ഉണ്ടെങ്കില്‍
• മന്തുരോഗം ഉണ്ടെങ്കില്‍
• വൃഷ്ണങ്ങളില്‍ മുഴകളോ നീര്‍വീക്കമോ ഉണ്ടെങ്കില്‍

പ്രത്യേകം സൂക്ഷിക്കേണ്ടുന്ന സാഹചര്യങ്ങള്‍
• മുന്‍പ് ഉണ്ടായിട്ടുള്ള മുറിവുകളും ക്ഷതങ്ങളും
• വൃഷണത്തിലെ രക്തക്കുഴലുകള്‍ വികസിച്ചു നിന്നാല്‍
• വൃഷണത്തിലെ നീര്‍വീക്കം
• രക്തം കട്ടപിടിക്കാതിരിക്കുന്ന രോഗങ്ങള്‍
• വൃഷണം ജ•നാ വയറിനകത്തിരിക്കുന്ന അവസ്ഥ
വന്ധ്യംകരണത്തിനു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
• വന്ധ്യംകരണം നടത്തിയ അന്ന് കഠിനമായ ജോലി ചെയ്യരുത്. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കു ശേഷം സാധാരണ ജോലികളിലേര്‍പ്പെടാവുന്നതാണ്.
• വന്ധ്യംകരണം നടന്ന അന്നു തന്നെ കുളിക്കാവുന്നതാണ്. ബാന്‍ഡ് എയ്ഡ് വച്ചിരിക്കുന്ന ഭാഗം നനയാതെ സൂക്ഷിക്കുക
• മൂന്നു ദിവസങ്ങള്‍ക്കു ശേഷം സോപ്പും  വെള്ളവുമുപയോഗിച് വന്ധ്യംകരണം ചെയ്ത ഭാഗം  കഴുകുക
• വന്ധ്യംകരണം ചെയ്ത ഭാഗത്ത് പിടിച്ചു വലിക്കുകയോ ചൊറിയുകയോ ചെയ്യരുത്
• രണ്ടു ദിവസമെങ്കിലും അടിവസ്ത്രം  ഉപയോഗിക്കണം
• രണ്ടു മൂന്നു ദിവസങ്ങള്‍ക്കു ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടാവുന്നതാണ്. എന്നാല്‍  ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഗര്‍ഭനിരോധന ഉറ മൂന്നുമാസം വരെ ഉപയോഗിക്കേണ്ടതാണ്. എന്തെന്നാല്‍ ബീജവാഹിനിക്കുഴലില്‍ ശേഷിക്കുന്ന ബീജം ഗര്‍ഭധാരണത്തിന് കാരണമായേക്കാം.
•      മൂന്നുമാസത്തിനുശേഷവും ശുക്ലം പുറത്തുവരും. എങ്കിലും ബീജാണുക്കള്‍ ഒട്ടും തന്നെ ഉണ്ടാവുകയുമില്ല.
നവംബര്‍ 25 ന്  നടക്കുന്ന എന്‍ എസ് വി ക്യാമ്പിനെ സംബന്ധിച്ച  വിവരങ്ങള്‍ക്ക്  ഫോണ്‍ : 9497817571