പുതുതലമുറയെ ജനാധിപത്യബോധത്തിലേക്ക് വഴികാട്ടാൻ തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകൾക്ക് സംസ്ഥാനതലത്തിൽ തുടക്കമായി. ഗവ. വിമൻസ് കോളേജിലാണ് ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണ വോട്ടർ ബോധവത്കരണപരിപാടികൾക്കായി തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്. ഏറ്റവുമധികം ജനാധിപത്യ ബോധമുള്ള കേരളത്തിൽ 100 ശതമാനം വോട്ടർ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ യുവാക്കളെ വോട്ടർപട്ടികയിൽ ചേർക്കാനുള്ള കർമപരിപാടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവർക്ക് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിൽ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ട്. കൂടാതെ 2019 ജനുവരി ഒന്നിന് 18 തികയുന്നവർക്കും മൂൻകൂട്ടി പേര് ചേർക്കാം.
nvsp.com എന്ന പോർട്ടലിലൂടെ പേര് ചേർക്കാൻ അപേക്ഷ നൽകാം. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി നേരിട്ട് ഓൺലൈൻ ആയി തന്നെ ഇവിടെ നടപടികൾ പൂർത്തിയാക്കാം.
യൂവാക്കൾക്കുപുറമേ, ട്രാൻസ്‌ജെൻഡേഴ്‌സ്, ഭിന്നശേഷിക്കാർ, ആദിവാസികൾ, പ്രവാസികൾ തുടങ്ങിയവരെയും കൂടുതൽ വോട്ടർപട്ടികയിൽ ചേർക്കാനുള്ള നടപടി പുരോഗമിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ കോളേജുകളിലും തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകൾ തുടങ്ങും. വിദ്യാർഥികളാണ് ഇതിന്റെ അമ്പാസഡർമാർ. വോട്ടർപട്ടികയിൽ പേര് ചേർക്കുക മാത്രമല്ല, ധാർമിക വോട്ടിംഗ് നിർവഹിക്കാനുള്ള ഉത്തരവാദിത്തവും വിദ്യാർഥികൾ നിർവഹിക്കണം. എന്നാലേ, ആരോഗ്യകരവും ശക്തിമത്തുമായ ജനാധിപത്യം രാജ്യത്ത് പുലരൂ. കേരളം ലിംഗപരമായി കൂടുതൽ സമത്വമുള്ള സംസ്ഥാനമാണ്. കൂടുതൽ വനിതകൾ ജനാധിപത്യപ്രക്രിയയിൽ ഭാഗമായി ഉയർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വോട്ടിംഗ് മെഷീൻ, മാതൃകാ പെരുമാറ്റച്ചട്ടം തുടങ്ങിയ വിപ്ലവകരമായ മാറ്റങ്ങൾ ആദ്യം തുടക്കമിട്ടത് കേരളത്തിലാണ്.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എല്ലാ വോട്ടിംഗ് മെഷീനിനൊപ്പവും വോട്ട് ചെയ്തത് ആർക്കെന്ന് വോട്ടർക്ക് മനസിലാവുന്ന വി.വി.പാറ്റ് സമ്പ്രദായം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. കെ. വാസുകി അധ്യക്ഷത വഹിച്ചു. വോട്ടവകാശമെന്ന ഉത്തരവാദിത്തം നിർവഹിച്ച് ജനാധിപത്യപ്രക്രിയയിൽ പങ്കാളികളാകുന്നവർക്കാണ് അതിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കാൻ യഥാർഥ അവകാശമെന്ന് അവർ പറഞ്ഞു.
ഗവ. വിമൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജി. വിജയലക്ഷ്മി, അഡീഷണൽ സി.ഇ.ഒമാരായ പി. ഷെർളി, ബി. സുരേന്ദ്രൻപിള്ള എന്നിവർ സംബന്ധിച്ചു. തുടർന്ന് വിമൻസ് കോളേജ് സംഗീത വിഭാഗം വിദ്യാർഥികൾ അവതരിപ്പിച്ച സംഗീതപരിപാടി അരങ്ങേറി.