സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ രംഗം ശക്തിപ്പെടുത്തുന്നതിലൂടെ റേഷൻ കടകൾ കൂടുതൽ ജനകീയമായതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി മന്ത്രി ജി. ആർ അനിൽ പറഞ്ഞു. കൊണ്ടോട്ടി നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഏറ്റവും മെച്ചപ്പെട്ട വിഭവങ്ങളാണ് റേഷൻ കടകളിലൂടെ വിതരണം നടത്തുന്നത്. ഗുണഭോക്താവിന്റെ സൗകര്യാർത്ഥം ഏത് റേഷൻ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങാൻ ഇന്ന് സൗകര്യമുണ്ട്. റേഷൻ കടകളിലൂടെ 10 രൂപ നിരക്കിൽ കുപ്പിവെള്ളം ലഭ്യമാക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. ഇതുൾപ്പടെ മേഖലയിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ ഫലമായി ഏതാണ്ട് സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളും റേഷൻ കടകളിൽ നിന്നുള്ള ഗുണഫലം സ്വീകരിക്കുന്ന സാഹചര്യം ഉണ്ടായി.

25 വർഷം മുന്നിൽ കണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് സർക്കാർ നടപ്പിലാക്കുന്നത്. അതിന് രാഷ്ട്രീയ അതിർ വരമ്പുകൾ ഒരു തടസ്സമാകുന്നില്ല. പ്രാദേശിക സർക്കാറുകളായ തദ്ദേശസ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്ന കാര്യം പരിശോധിച്ചാൽ ഇക്കാര്യം ആർക്കും വ്യക്തമാവുമെന്നും മന്ത്രി പറഞ്ഞു.

സ്ത്രീ ശാക്തീകരണ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കാൻ കുടുംബശ്രീ ഉൾപ്പടെയുള്ള പദ്ധതികൾ ഏറെ സഹായകരമായിട്ടുണ്ട്. ഇത്തരത്തിൽ സമസ്ത മേഖലകളിലുമുള്ള വികസന പ്രവർത്തനങ്ങളാണ് നവകേരള സൃഷ്ടിയിലൂടെ സർക്കാർ ലക്ഷ്യമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.