ആധുനികലോകം മാനവരാശിക്ക് നല്‍കിയ അദ്ഭുതമാണ് ഗാന്ധിജിയെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാമൂഹിക ഐക്യദാര്‍ഡ്യ പക്ഷാചരണത്തിന്റെ സമാപനം നിവര്‍വഹിക്കുകയായിരുന്നു മന്ത്രി. ഒറ്റമുണ്ടുടുത്ത് രാജ്യം മുഴുവന്‍ നടന്ന് എല്ലാവരെയും ഒരുമയുടെ സന്ദേശം പഠിപ്പിക്കുകയായിരുന്നു ഗാന്ധിജി. അഹിംസയെയാണ് അതിന് അദ്ദേഹം ആയുധമാക്കിയത്. അധികാരം ഒരിക്കലും മോഹിപ്പിക്കാത്ത വ്യക്തിയായിരുന്നു ഗാന്ധിജി. ആരൊക്കെ തള്ളിപ്പറഞ്ഞാലും ജനങ്ങളുടെ മനസിലാണ് ഗാന്ധിജി ജീവിക്കുന്നത്. ഗ്രാമസ്വരാജ് എന്ന സങ്കല്‍പം ഗ്രാമങ്ങളുടെ സമഗ്രമായ വികസനത്തെ മുന്നില്‍ കണ്ടുള്ളതായിരുന്നു. സത്യത്തിനും നീതിക്കും വേണ്ടി പോരാടാന്‍ ആരുടെയും സഹായം തേടാന്‍ തയാറാകാത്ത ത്യാഗിയായിരുന്നു ഗാന്ധിജിയെന്നും മന്ത്രി പറഞ്ഞു.
പയറുംമൂട് വിജയന്‍  അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവത്തില്‍ (2018) എ ഗ്രേഡ് കരസ്ഥമാക്കിയ പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കാഷ് അവാര്‍ഡ് വിതരണം ചെയ്തു. പട്ടികവര്‍ഗ വിഭാഗ പ്രൊഫഷണല്‍ കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് വിതരണം ചെയ്തു. കവി കുരീപ്പുഴ ശ്രീകുമാര്‍ സാമൂഹിക ഐക്യദാര്‍ഡ്യ സന്ദേശ പ്രഭാഷണം നടത്തി. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ.പി.പുഗഴേന്തി സ്വാഗതവും പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി.എം.അസ്ഗര്‍ അലി പാഷ നന്ദിയും പറഞ്ഞു.