മുളന്തുരുത്തി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യ പരിചരണ രംഗത്ത് പുതിയ ചരിത്രമെഴുതി മുളന്തുരുത്തി. പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വൃക്ക രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സംവിധാനം ഒരുക്കുന്ന അലിവ് പദ്ധതി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള ഉദ്ഘാടനം ചെയ്തു. മരട് പി.എസ് മിഷന്‍ ആശുപത്രിയുമായി സഹകരിച്ചാണ് പഞ്ചായത്ത് സൗജന്യ ഡയാലിസിസ് സംവിധാനം ഒരുക്കുന്നത്.
പഞ്ചായത്തുകള്‍ എത്ര പദ്ധതി വിഹിതം ചെലവാക്കി എന്നതിലല്ല എത്രമാത്രം ജനോപകാരപ്രദമായ പദ്ധതികളാണ് നടപ്പിലാക്കുന്നത് എന്നതാണ് പ്രധാനമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു. രാജ്യത്തിനാകെ മാതൃകയാകുന്ന വിധത്തില്‍ ഭൂപരിഷ്‌കരണ നിയമം പാസാക്കിയ കേരളത്തില്‍ ഭൂരഹിതരുടെ എണ്ണം വര്‍ദ്ധിക്കാനുള്ള കാരണങ്ങളില്‍ ചികിത്സാചെലവ് പ്രധാനമാണ്. സുരക്ഷിതമായ സാമ്പത്തിക ചുറ്റുപാടില്‍ നിന്നും ദാരിദ്ര്യത്തിലേക്ക് പോകുന്നതിന് മക്കളുടെ ഉന്നത വിദ്യാഭ്യാസചെലവും, കല്യാണ ചെലവുകളും കാരണമാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യപരമായ ഒരു സാമൂഹ്യ കാഴ്ചപ്പാട് ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കുന്ന മുളന്തുരുത്തി ഗ്രാമപഞ്ചായത്തിനെ കളക്ടര്‍ അഭിനന്ദിച്ചു. സൗജന്യ ഡയാലിസിസ് പദ്ധതി തികച്ചും മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമൂഹ്യപുരോഗതിക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത്തരം നൂതന ആശയങ്ങള്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഏറിവരികയാണ്. ജില്ലാ ആസൂത്രണ സമിതിയില്‍ പഞ്ചായത്ത് നടപ്പിലാക്കുന്ന ഈ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനായി പഞ്ചായത്ത് പ്രസിഡണ്ടിനെ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ നിര്‍മ്മാണം പുരോഗമിക്കുന്ന വാര്‍ഡുകള്‍ കളക്ടര്‍ സന്ദര്‍ശിച്ചു.
ജില്ലാ വികസന സമിതിക്ക് മുന്‍പാകെ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ച11 പദ്ധതികളില്‍ ഒന്‍പത് എണ്ണത്തിനും അനുമതി ലഭിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി കുര്യന്‍ കൊള്ളിനാല്‍ പറഞ്ഞു. വൃക്കരോഗികളില്‍ മാസത്തില്‍ 12 തവണ വരെ ഡയാലിസിസിന് വിധേയരാകുന്നവരുണ്ട്. കിടപ്പാടം വിറ്റും ചികിത്സ നടത്തുന്ന രോഗികളുടെ ദയനീയ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചത്.
രോഗികള്‍ക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സൗകര്യങ്ങളും സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലൂടെ നടപ്പിലാക്കും. പഞ്ചായത്തിലെ ആശാ പ്രവര്‍ത്തകര്‍ക്ക് രക്തസമ്മര്‍ദ്ദം പരിശോധിക്കുവാനുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കി വീടുകളിലെത്തി രക്തസമ്മര്‍ദ്ദം പരിശോധിക്കുന്ന ഹൃദയാരോഗ്യം പദ്ധതി ഉടന്‍ തുടങ്ങും.
പഞ്ചായത്ത് പരിധിയിലെ വീടുകളിലേക്ക് കിണറുകളുടെ ശുദ്ധത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തെളിനീര് എന്ന പേരില്‍ പദ്ധതി നടപ്പിലാക്കും. നിലവില്‍ ഊര്‍ജ നിര്‍മല്‍ ഗ്രാമ പുരസ്‌കാരം ലഭിച്ച പത്താം വാര്‍ഡിലെ എല്ലാ വീടുകളിലേയും കിണറുകള്‍ക്ക് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. കാര്‍ഷികമേഖലയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതിയുടെ ഭാഗമായി കാര്‍ഷിക സംഭരണ കേന്ദ്രമായ പത്തായപുര, വീടുകളില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനായി ഹരിതകം പദ്ധതികള്‍ നടപ്പിലാക്കും.
എന്റെ മരം എന്റെ പണം എന്ന പേരില്‍ മരം പണയംവെച്ച് ലോണ്‍ എടുക്കാന്‍ സാധിക്കുന്ന പദ്ധതി നടപ്പിലാക്കും. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് സൗജന്യ പ്രഭാതഭക്ഷണം നല്‍കുന്നത്. ജനസംഖ്യയുടെ 75 ശതമാനവും സാമ്പത്തിക സുരക്ഷിതരല്ലാത്ത പഞ്ചായത്തില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം 24 മണിക്കൂറും ലഭ്യമാക്കണം. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം, ഹരിതകേരളം തുടങ്ങി എല്ലാ പദ്ധതികളും പഞ്ചായത്ത് വിജയകരമായി നടപ്പിലാക്കും. തികച്ചും രോഗി സൗഹൃദമായി പരാതികള്‍ക്ക് ഇടയില്ലാത്തവിധം അലിവ് പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ കേരളം പദ്ധതിയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുളന്തുരുത്തി പഞ്ചായത്ത് ഈ മേഖലയില്‍ നടത്തുന്ന മുന്നേറ്റങ്ങള്‍ ശ്രദ്ധേയമാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയാ സോമന്‍ പറഞ്ഞു. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങി വിവിധ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതികളില്‍ പൂര്‍ണമായും സഹകരിക്കുവാന്‍ എല്ലാവരും തയ്യാറാകണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
എന്‍.എച്ച് .എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ മാത്യൂസ് നമ്പേലി അലിവ് പദ്ധതി ബുക്കിന്റെ പ്രകാശനവും വിതരണവും നിര്‍വഹിച്ചു. മുളന്തുരുത്തി സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പി. എസ്. ഷാജി, മരട് പി.എസ് മിഷന്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കുഞ്ഞുമോന്‍ സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാജി മാധവന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലോമി സൈമണ്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. കെ ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുധ രാജേന്ദ്രന്‍, മുളന്തുരുത്തി പഞ്ചായത്ത് അംഗങ്ങളായ ശാന്ത മോഹനന്‍, മരിയന്‍ വര്‍ഗ്ഗീസ്, ഷൈനി സജി, ബിനോയ് ഹരിദാസ്, ലീല ജോയി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് മാണി, രതീഷ് കെ. ദിവാകരന്‍, ഒ. എ. മണി, ഷീജ സുബി, വി. കെ. വേണു, നിജി ബിജു, ഷിബി തങ്കച്ചന്‍,സാനി ജോര്‍ജ്ജ്, ജെയിംസ് താഴൂരത്ത് പഞ്ചായത്ത് സെക്രട്ടറി സി. എസ്. ശോശാമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.