ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ റാലിയും കല്‍പ്പറ്റയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് മുഖ്യാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ദിനീഷ് മുഖ്യപ്രഭാഷണം നടത്തി. റെഡ് റിബണ്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി ദിനീഷ് ജില്ലാ കലക്ടര്‍ ഡോ. രേണു രാജിന് നല്‍കി നിര്‍വ്വഹിച്ചു. ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. പി.എസ് സുഷമ എയ്ഡ്‌സ് ദിന സന്ദേശം നല്‍കി.
ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആരംഭിച്ച് എസ് കെ എം ജെ സ്കൂളിൽ അവസാനിച്ച ബോധവല്‍ക്കരണ റാലി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ടി.എന്‍ സജീവ് ഫ്ലാഗ് ഓഫ് ചെയ്തു. പനമരം ഗവ. നഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബ്, കോഴിക്കോട് മനോരജ്ഞന്‍ ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ തെരുവ് നാടകം, മേപ്പാടി വിംസ് നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ സംഘ നൃത്തം എന്നിവയും നടന്നു. മുന്‍ ദേശീയ അത്‌ലറ്റ് അശ്വിനി രാജീവിന്റെ നേതൃത്വത്തില്‍ സൂംബ ഡാന്‍സ് പരിശീലനം നല്‍കി.
എച്ച്‌ഐവി പ്രതിരോധത്തിന് കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ സമഗ്രമായ പരിപാടികളാണ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്.എച്ച്‌ഐവി അണുബാധ സാധ്യത കൂടുതലുള്ളവര്‍ക്കിടയില്‍ എച്ച്‌ഐവി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 2 സുരക്ഷാ പ്രൊജക്ടുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എആര്‍ടി കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് ചികിത്സ എടുക്കുന്ന എച്ച്‌ഐവി അണുബാധിതര്‍ക്ക് ആവശ്യമായ തുടര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് അണുബാധിതരുടെ തന്നെ കൂട്ടായ്മയായ വിഹാന്‍ കെയര്‍ സപ്പോര്‍ട്ട് സെന്റര്‍ (സി എസ് സി )ന്റെ നേതൃത്വത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടക്കുന്നുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ എച്ച്‌ഐവി ബാധിതര്‍ക്കായി പോഷകാഹാര വിതരണ പദ്ധതി, സര്‍ക്കാര്‍ സഹായത്തോടെ പ്രതിമാസ ധനസഹായ പദ്ധതി ,സൗജന്യ ചികിത്സയും പരിശോധനകളും, ജില്ലയില്‍ നടപ്പിലാക്കി വരുന്നുണ്ട് . എയ്ഡ്‌സ് രോഗികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം വയനാട്, സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി എന്നിവരുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ എച്ച്.ഐ.എം യു.പി സ്‌കൂള്‍ പരിസരത്ത് സ്‌നേഹ ദീപം തെളിയിച്ചു.ഫാത്തിമ മാതാ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ് മോബും അവതരിപ്പിച്ചു. കോഴിക്കോട് മനോരജ്ഞന്‍ ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ തെരുവുനാടകവും അവതരിപ്പിച്ചു.
ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.ഷിജിന്‍ ജോണ്‍ ആളൂര്‍, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, എച്ച്‌ഐവി കോഡിനേറ്റര്‍ ജോണ്‍സണ്‍ വി.ജെ, കല്‍പ്പറ്റ ജനറല്‍ ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.ബിനു, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ. എം ഷാജി, തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.