ആലപ്പുഴ: ആലപ്പുഴ സബ് കളക്ടർ വി.ആർ കൃഷ്ണതേജ തുടങ്ങിവച്ച അയാം ഫോർ ആലപ്പി ക്യാമ്പെയിന് പിന്തുണയേറുന്നു. അയാം ഫോർ ആലപ്പി ക്യാമ്പെയിനിന്റെ ഭാഗമായി ജില്ലയിലെ അമ്പലപ്പുഴ – കുട്ടനാട് താലൂക്കിലെ മുഴുവൻ അങ്കണവാടികൾക്കും നഗരസഭാ പരിധിയിലുള്ള എല്ലാ സ്‌കൂളിലും സൗജന്യ വാട്ടർ പ്യൂരിഫയർ ലഭിച്ചു. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ അഭയ ഫൗണ്ടേഷനാണ് 135 സ്‌കൂളുകൾക്കും അറുന്നൂറോളം അങ്കണവാടികൾക്കുമായി 1000 പ്യൂരിഫയർ സൗജന്യമായി നൽകിയത്. ഇതിനുമുമ്പും ആയിരം പ്യൂരിഫയർ അഭയ ഫൗണ്ടേഷൻ വിതരണം ചെയ്തിരുന്നു. മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങ് ജില്ലാ കളക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷൻ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. അഭയ ഫൗണ്ടേഷൻ ചെയർമാൻ ബാല ചന്ദ്ര മുഖ്യ പ്രഭാഷണം നടത്തി.സബ് കളക്ടർ കൃഷ്ണ തേജ , ജില്ലാ സാമുഹ്യ നീതി ഓഫീസർ എ.ജെ സാബു ജോസഫ്, പ്രോഗ്രാം ഓഫീസർ മിനിമോൾ ടി.വി,വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ചാർജ് വഹിക്കുന്ന കെ.സി ജയകുമാർ, നഗരസഭ സ്ഥിരം സമതി അധ്യക്ഷന്മാരായ മനോജ് കുമാർ, ഷോളി സി.എസ്, എ.റസാഖ് തുടങ്ങിയവർ സംസാരിച്ചു.