ആലപ്പുഴ: പുഞ്ചകൃഷിക്ക് തയ്യാറെടുക്കുന്ന കുട്ടനാട്ടിലെ മുഴുവൻ കർഷകർക്കും നെൽവിത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിരിക്കണമെന്ന് നിയമസഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റി നിർദ്ദേശിച്ചു. കലാവസ്ഥ വ്യതിയാനം, പ്രളയം എന്നിവയാൽ ആലപ്പുഴയിലെ കാർഷികമേഖലയ്ക്ക് ഉണ്ടായ നാശനഷ്ടം സംഭവിച്ച് ജില്ലാതല തെളിവെടുപ്പ് നടത്തുകയായിരുന്നു എസ്.ശർമ്മ അധ്യക്ഷനായിരുന്ന സമതി. എം.എൽ.എ.മാരായ കെ.സി.ജോസഫ്, മഞ്ഞാളകുഴി അലി, അബ്ദുറബ്ബ്, എ.പി.അനിൽകുമാർ, എ.വി.രാജേഷ്, ബി.ഡി.ദേവസ്യ, സി.കെ.ശശീന്ദ്രൻ, കോവൂർ കുഞ്ഞുമോൻ എന്നിവരടങ്ങിയ സമതിയാണ് തെളിവെടുപ്പ് നടത്തിയത്.
കലാവസ്ഥ വ്യതിയാനവും പ്രളയവും മൂലം ഉണ്ടായ കൃഷിനാശം കണക്കാക്കിയോ, കൃഷിനാശത്തിന് പരിഹാരം തേടി എത്ര അപേക്ഷകൾ ലഭിച്ചു, കൃഷിക്കുണ്ടായ നഷ്ടം പരിഹരിക്കാനെടുത്ത ഹ്രസ്വകാല, ദീർഘകാല നടപടികൾ എന്നീ കാര്യങ്ങളാണ് സമതി ഉന്നയിച്ചത്. രണ്ടാംകൃഷി നടത്തിയ 10,495 ഹെക്ടർ കൃഷിയാണ് മഴയിലും തുടർന്നുണ്ടായ പ്രളയത്തിലും നഷ്ടമായതെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. 157.41 കോടി രൂപയാണ് ഇതുവഴി നഷ്ടമായത്.
ഇപ്പോൾ പുഞ്ചകൃഷിക്കുള്ള ഒരുക്കം നടക്കുകയാണെന്നും 30,000 ഹെക്ടറിൽ കൃഷിക്കാവശ്യമായ നടപടി നടക്കുകയാണെന്നും പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ഇവർക്ക് ആവശ്യമായ വിത്ത് ലഭ്യമല്ലെന്ന പരാതിയെക്കുറിച്ച് ചോദിച്ച സമതി പാലക്കാടും മറ്റുമുള്ള വിത്ത് കർഷകർക്ക് എത്തിക്കാൻ നിർദ്ദേശിച്ചു. ഇതെക്കുറിച്ച് ആലോചിക്കാൻ ശനിയാഴ്ച കൃഷി ഡയറക്ടറുടെ അധ്യക്ഷതയിൽ കർഷകരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
ദുരന്തനിവാരണനിധി ഉപയോഗിച്ച് ജില്ല ഭരണകൂടത്തിന് വിത്ത് വാങ്ങി നൽകാവുന്നതാണെന്ന് സമതി നിരീക്ഷിച്ചു. ബണ്ടുകൾ ബലപ്പെടുത്തുന്നതിന് പാടശേഖര സമതികൾക്ക് 20 ശതമാനം തുക മുൻകൂറായി നൽകിയതായും 802 മോട്ടോറുകൾ നന്നാക്കുന്നതിന് ആദ്യഗഡുവായി 202 മോട്ടോറിനുള്ള പണമനുവദിച്ചതായും പ്രിൻസിപ്പൽ കൃഷി ഓഫീസർ പറഞ്ഞു. ജില്ലയിലെ കൃഷിനാശം പരിഹരിക്കാൻ ഒരുവർഷം സമയമെടുക്കുമെന്ന് അഡീഷണൽ ഡയറക്ടർ അറിയിച്ചു. പിന്നീട് കൈനകരിയിലെ കനകശ്ശേരി പാടശേഖരത്തിലെ മടവീണ പ്രദേശവും സന്ദർശിച്ചാണ് സമതി മടങ്ങിയത്.