ആലപ്പുഴ: പ്രളയത്തിൽ പശുക്കൾ നഷ്ടപ്പെട്ട മണിയനും വർഗീസിനും ഇനി യശോദയും മാളുവും ഉപജീവന മാർഗമാകും. ഇവരുൾപ്പെടെ അഞ്ച് പേർക്ക് സബ് കളക്ടർ വി.ആർ കൃഷ്ണതേജയുടെ നേതൃ്ത്വത്തിലുള്ള അയാം ഫോർ ആലപ്പി ക്യാമ്പെയിനിന്റെ ഭാഗമായുള്ള ഡോണേറ്റ് എ കാറ്റിൽ പദ്ധതി പ്രകാരം പശുക്കളെ നൽകി.
രാമങ്കരി മൃഗസംരക്ഷണ ഓഫീസ് അങ്കണത്തിലായിരുന്നു പശുദാനം. ആദ്യ ഘട്ടത്തിൽ 139 പശൂക്കളെയാണ് ക്ഷീരകർഷകർക്കായി വിതരണം ചെയ്തത്. രണ്ടാം ഘട്ടത്തിലെ ആദ്യ വിതരണമാണ് ഇന്നലെ നടന്നത്. ടി.എൻ പുരുഷൻ, വർഗീസ് ദേവസ്യ , ചന്ദ്രമതി, കനകപ്പൻ, മണിയൻ എന്നിവർക്കാണ് പശുക്കളെ ലഭിച്ചത്. ഇതിൽ ചന്ദ്രമതിക്ക് ലഭിച്ച പശു പൂർണ ഗർഭിണിയാണ്. സബ് കളക്ടറുടെ സുഹൃത്തുക്കളായ നവീൻ, ശങ്കർ, അഭയ ഫൗണ്ടേഷൻ എന്നിവർ ഒന്നുവീതവും തെലുങ്കാനയിലെ റൂറൽ ഡവലപ്‌മെന്റ് സൊസൈറ്റി രണ്ടുപശുക്കളെ വീതവും സംഭാവന ചെയ്തു. അഭയ ഫൗണ്ടേഷൻ ചെയർമാൻ ബാല ചന്ദ്ര ചടങ്ങിനെത്തിയിരുന്നു.